കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനമൊട്ടാകെ ഓണച്ചന്തകൾ സംഘടിപ്പിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് വിപണനം. 1070 സിഡിഎസ് തല ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉള്‍പ്പെടെ സംസ്ഥാനത്ത് 1084 വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഗ്രാമ സിഡിഎസുകള്‍ക്കൊപ്പം നഗര സിഡിഎസുകളും ഓണച്ചന്തകളുടെ സംഘാടനത്തില്‍ സജീവമാകും.ഓണാഘോഷത്തിന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരുല്‍പന്നമെങ്കിലും വിപണന മേളകളില്‍ എത്തിച്ചുകൊണ്ട് സംരംഭകര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂര്‍ണ പങ്കാളിത്തവും ഓണച്ചന്തയില്‍ ഉറപ്പാക്കും. ജില്ലകളില്‍ സപ്ലെെക്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.