സർക്കാർ രംഗത്തെ ഐടി സംരംഭങ്ങള്‍ക്കുള്ള ടെക്നോളജി സഭ ദേശീയപുരസ്കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫർമേഷന്‍ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. കൈറ്റ് തയ്യാറാക്കിയ ഇ-ഗവേണന്‍സ് പ്ലാറ്റ്ഫോമാണ് എന്റർപ്രൈസ് ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ സമ്മാനാർഹമായത്. കൊല്‍ക്കത്തയിലെ ഒബ്റോയ് ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് എക്സ്പ്രസ് കമ്പ്യൂട്ടർ എഡിറ്റർ ശ്രീകാന്ത് ആർപിയില്‍ നിന്നും അവാർഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രഖ്യാപിച്ച വേള്‍ഡ് എഡ്യൂക്കേഷന്‍ സമ്മിറ്റ് അവാർഡ് 2022 ഉള്‍പ്പെടെ കൈറ്റിന് ഈ വർഷം മാത്രം ഇതുവരെ ലഭിക്കുന്ന നാലാമത്തെ ദേശീയ അവാർഡാണിത്. മുഖ്യമന്ത്രിയുടെ ഇന്നോവേഷന്‍ അവാർഡും കഴിഞ്ഞ ആഴ്ചയില്‍ കൈറ്റിന് ലഭിച്ചിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ ഐടി മുന്നേറ്റങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പങ്കാളികളായ എല്ലാവരേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദിച്ചു.