ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാന്‍ നേതൃത്വത്തിന് രാജി കത്ത് നല്‍കി. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്ന് എംഎ ഖാന്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി പൂര്‍ണമായി പരാജയപ്പെട്ടെന്നും എംഎ ഖാൻ പറഞ്ഞു.
ജി 23 നേതാക്കളുടെ ശബ്ദത്തെ വിമത ശബ്ദമായി കണ്ടു. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കൈക്കൊള്ളാന്‍ തയാറായില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ല. ഈ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നു എംഎ ഖാന്‍ പറഞ്ഞു.