കൊച്ചി: എറണാകുളത്ത് എടിഎം മെഷീനില്‍ കൃത്രിമം നടത്തി കാല്‍ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. യുപി സ്വദേശി മുബാറക് ആണ് പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പൊലീസ് പിടികൂടി. ജില്ലയില്‍ 11 എടിഎമ്മുകളില്‍ സമാന തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ 18 ന് പകലും രാത്രിയുമായാണ് കളമശ്ശേരി പ്രിമിയര്‍ കവലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിമ്മില്‍ നിന്ന് 7 ഇടപാടുകാര്‍ക്ക് പണം നഷ്ടമായത്. പണം പിന്‍വലിക്കാന്‍ സീക്രട്ട് നമ്പര്‍ അടിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി മസേജ് വരും. എന്നാല്‍ എടിഎമ്മില്‍ നിന്ന് പണം പുറത്തേക്ക് വരില്ല. ചിലര്‍ ഇത് എടിഎം മെഷീനിന്റെ തകരാരാണെന്ന് ധരിച്ച് തിരിച്ച് പോയി. പന്തികേട് തോന്നിയ ഒരു ഇടപാടുകാരന് ബാങ്കില്‍ പരാതി നല്കി. പിന്നീട് എടിമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്.
പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്കെയില്‍ പോലുള്ള ഒരു പ്രത്യേക ഉപകരണം എടിഎം മെഷീനില്‍ ഘടിപ്പിക്കും. ഇടപാടുകാര്‍ പണം കിട്ടാതെ പുറത്ത് പോയ നേരം ഇയാള്‍ എടിഎമ്മിലെത്തി മെഷീനില്‍ ഘടിപ്പിച്ച ഉപകരണം നീക്കി പണം കൈക്കലാക്കും. പിന്നീട് വീണ്ടും ഉപകരണം ഘടിപ്പിപ്പിച്ച് അടുത്ത് ഇടപാടുകാരനെ കാത്തിരിക്കും. ഇങ്ങനെയായിരുന്നു തട്ടിപ്പ് രീതി. ഒരു എടിഎമ്മില്‍ നിന്ന് 25,000 രൂപയാണ് ഇയാള്‍ കവര്‍ന്നത്. സമാനമായ തട്ടിപ്പ് ജില്ലയിലെ 11 ഇടങ്ങളില്‍ നടന്നെന്നാണ് പൊലീസ് പറയുന്നത്.