IndiaNEWS

വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവയും അദാനിയുടെ കയ്യിലേക്ക്; അടുത്തത് എന്ത് എന്ന ആകാംക്ഷയില്‍ വ്യവസായ ലോകം

മുംബൈ: കോര്‍പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് തുറമുഖം, ഹരിത ഊര്‍ജം, ടെലികോം മേഖലകള്‍ക്കു പിന്നാലെ നിര്‍മാണ മേഖലയിലും ആധിപത്യത്തിന് തയാറെടുക്കുന്നു. രാജ്യത്ത പ്രമുഖമായ രണ്ട് സിമെന്റ് കമ്പനികള്‍ സ്വന്തമാക്കാനാണ് അദാനി നീക്കം തുടങ്ങിയത്.

ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി രാജ്യത്തെ വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. 31,000 കോടിയലിധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മാധ്യമമേഖലയില്‍ ശക്തിനേടാനുള്ള നീക്കത്തിന്റെ ഭാഗമായി എന്‍.ഡി.ടി.വി. പിടിച്ചെടുക്കാനുള്ള അദാനിയുടെ നീക്കം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സിമെന്റ് കമ്പനികളും അദാനി സ്വന്തമാക്കുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്.

Signature-ad

സ്വിസ് സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിലുള്ള ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് മേയില്‍ കരാറിലെത്തിയിരുന്നു. 84,000 കോടി രൂപയുടെ ഇടപാടായിരുന്നു അത്.

ഇതോടെ അംബുജ സിമെന്റ്സിന്റെ 63.1ശതമാനവും എസിസിയുടെ 54.53 ശതമാനവും ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ സ്വന്തമാകും. കഴിഞ്ഞയാഴ്ചയാണ് ഓപ്പണ്‍ ഓഫറിന് സെബിയുടെ അനുമതി അദാനിക്കുലഭിച്ചത്. ഓഗസ്റ്റ് 26ന് ആരംഭിച്ച ഓഫര്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് അവസാനിക്കുക.

അംബുജ സിമെന്റ്സിന്റെ ഓഹരിയൊന്നിന് 385 രൂപയും എസിസിക്ക് 2,300 രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം അംബുജ സിമെന്റ്സിന്റെ 26ശതമാനം(51.63 കോടി) ഓഹരികള്‍ക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികള്‍ക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക.

 

Back to top button
error: