ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം.
അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രസാദമാണ് ലഡ്ഡു.തിരുപ്പതി തീർത്ഥാടനം പൂർണമാകുന്നത് ആ ലഡ്ഡു കൂടി കഴിക്കുമ്പോഴാണ്.ഇന്ത്യയിൽ ആദ്യമായി ഭൗമശാസ്ത്ര സൂചിക ലഭിച്ച ക്ഷേത്ര പ്രസാദമാണ് തിരുപ്പതി ലഡ്ഡു.
2018-ൽ, തിരുമല ക്ഷേത്രത്തിലെ വാർഷിക ആഘോഷമായ ബ്രഹ്മോത്സവ ദിവസം 5,13,566 ലഡ്ഡുവിന്റെ റെക്കോർഡ് വിൽപന നടത്തിയിരുന്നു.ദിവസവും ശരാശരി 3 ലക്ഷം ലഡ്ഡു ആണ് തിരുമല ക്ഷേത്രത്തിൽ പ്രസാദത്തിനായി ഉണ്ടാക്കുന്നത്.
തിരുമല ക്ഷേത്രത്തിന്റെ വാർഷിക വരുമാനം 3000 കോടിയിലേറെയാണ്. അതിൽ 300 കോടി രൂപ ലഡ്ഡുവില്പന വഴിയാണ് ലഭിക്കുന്നത്.
307 വർഷം മുമ്പ് ,1715 ഓഗസ്റ്റിലാണ് വെങ്കിടേശ്വര ഭഗവാന്റെ നൈവേദ്യമായി ലഡ്ഡു അർച്ചിച്ചു തുടങ്ങിയത്.
AD . 275 മുതൽ 897 വരെ തെക്കൻ തെലുങ്ക്, തമിഴ് പ്രദേശങ്ങൾ ഭരിച്ചിരുന്ന പല്ലവ രാജവംശത്തിന്റെ കാലത്തെ രുചിക്കൂട്ടുകളാണ് തിരുപ്പതി ലഡ്ഡുവിന്റേത്.
1480 കളിലെ പല്ലവരുടെ കാലത്തെ ലിഖിതങ്ങളിൽ ഈ രീതിയിലുള്ള ലഡ്ഡുവിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നുണ്ട്. ആ രുചിക്കൂട്ട് പ്രകാരമാണ് തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നത്.
അടച്ച പാത്രങ്ങളിൽ കൃത്യമായി സൂക്ഷിച്ചാൽ ഈ ലഡ്ഡു 10-15 ദിവസം വരെ കേടുകൂടാതെ നിലനിൽക്കും.
ഈ ലഡ്ഡു തയ്യാറാക്കുക എന്നത് കൃത്യമായ അനുപാതങ്ങളും ഉയർന്ന തലത്തിലുള്ള പാചക അനുഭവവും ആവശ്യമുള്ള ഒരു കലയാണ്.
തിരുമല ക്ഷേത്രത്തിലെ അടുക്കളയെ ലഡ്ഡു പോട്ട് എന്ന് വിളിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള പോട്ടുവിന് ഒരു ദിവസം 800,000 ലഡ്ഡു ഉൽപ്പാദിപ്പിക്കാനാകും.
മൂന്ന് കൺവെയർ ബെൽറ്റുകൾ പോട്ടുവിലൂടെ ഓടുന്നു, അത് വഴി ചേരുവകളും പൂർത്തിയായ മധുരപലഹാരങ്ങളും വിൽപ്പന കൗണ്ടറുകളിൽ എത്തിക്കുന്നു.
തുടക്കത്തിൽ, പോട്ടുവിലെ പാചകങ്ങൾ വിറക് ഉപയോഗിച്ചായിരുന്നു. 1984-ൽ എൽ.പി.ജി. സംവിധാനമാക്കി.
ഇപ്പോൾ പ്രതിദിനം 300,000 ലഡ്ഡൂകൾ വീതം തയ്യാറാക്കുന്ന ലഡ്ഡു പൊട്ടൂവിൽ അവശ്യ ഘട്ടത്തിൻ പ്രതിദിനം 800,000 ലഡ്ഡു വരെ ഉണ്ടാക്കാനാകും.
സമാനതകളില്ലാത്ത രുചി സൃഷ്ടിക്കുന്ന ചേരുവകളാണ് തിരുപ്പതി ലഡ്ഡുവിന്റേത്.
ഒരു ദിവസം ഉണ്ടാക്കുന്ന ലഡ്ഡുവിന്റെ പ്രധാന ചേരുവകൾ ഇനിപ്പറയുന്നവയാണ്,
കടല മാവ് – 10 ടൺ
കശുവണ്ടിപ്പരിപ്പ് – 700 കിലോ
ശുദ്ധമായ നെയ്യ് – 500 ലിറ്റർ
പഞ്ചസാര – 10 ടൺ
ഏലം – 150 കിലോ
കൽക്കണ്ടം – 500 കിലോ
ഉണക്കമുന്തിരി – 540 കിലോ
ചേരുവകൾ ഒരറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിന് മൂന്ന് കൺവെയർ ബെൽറ്റുകൾ ഉണ്ട്.
തിരുപ്പതി ലഡ്ഡു പ്രതിദിന നൈവേദ്യത്തിന്റെ ഭാഗമായി പ്രതിഷ്ഠയ്ക്ക് സമർപ്പിക്കുന്നതിന് മുമ്പ് ടെസ്റ്റിംഗ് ലാബിൽ വച്ച് കൃത്യമായ ഗുണനിലവാര പരിശോധന നടത്തി വരുന്നുണ്ട്.
പ്രസാദത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഓരോ ചേരുവകളും ലാബിൽ ഒന്നിലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമേ അടുക്കളയിലേക്ക് നൽകു
തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു പ്രസാദം ഭക്തരുടെ പ്രിയപ്പെട്ട ഒന്നാണ്. ഒപ്പം അത് തിരുപ്പതിയുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ദിവസേന 300,000 ലഡ്ഡുവും മറ്റ് പ്രസാദങ്ങളും ഉണ്ടാക്കുന്നത് നൂറുകണക്കിന് തദ്ദേശവാസികളാണ്. അത്രയും പേർക്ക് ഇത് തൊഴിൽ നൽകുന്നു.
തിരുമല ക്ഷേത്രത്തിലെ പാചകപ്പുരയിലെ പ്രസാദ നിർമാണ യൂണിറ്റിൽ 270 പാചകക്കാർ ഉൾപ്പെടെ 600 പേർ ദിവസത്തിൽ മൂന്നു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു.
അവരിൽ ഭൂരിഭാഗവും സ്ഥിരം തൊഴിലാളികളാണ്, ചിലർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും
ബ്രഹ്മോത്സവത്തോടനുബന്ധിച്ച് ഭക്തജനപ്രവാഹത്തിന് ലഡ്ഡു നിർമ്മാണം വർധിപ്പിക്കാൻ കൂടുതൽ കരാർ തൊഴിലാളികളെയും വിളിക്കും.
കോവിഡിന് മുമ്പ് വരെ പ്രസാദ ലഡ്‌ഡു, വലിയ ലഡ്‌ഡു, ചെറിയ ലഡ്‌ഡു എന്നിങ്ങനെ മൂന്നു തരത്തിലുള്ള ലഡ്ഡു
ഉണ്ടാക്കി വിതരണം ചെയ്‌തിരുന്നു.
തിരുമല ക്ഷേത്രത്തിലെ പോട്ടു വിൽ നിന്ന് 700 ഗ്രാം വീതമുള്ള 3000 ‘വലിയ ലഡ്ഡു’കളും 25 ഗ്രാം വീതമുള്ള 75000 ‘പ്രസാദ ലഡ്ഡു’കളും 175 ഗ്രാം തൂക്കമുള്ള ,3 മുതൽ 3.5 ലക്ഷം വരെ ‘ചെറിയ ലഡ്ഡു’കളുമാണ് സാധാരണ നിർമിക്കാറ്.
വലിയ ലഡ്ഡു ഉണ്ടാക്കാൻ അന്ന് 170 രൂപയിലേറെ ചെലവ് വരും. ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ചെറിയ ലഡ്ഡു ഉണ്ടാക്കാൻ 40 രൂപയും.
2009-ൽ തിരുപ്പതി ലഡ്ഡുവിന് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചു, ഇത് തിരുപ്പതിലഡ്ഡുവിന്റെ ഡ്യൂപ്ലിക്കേറ്റുകൾ വിൽക്കുന്നതിൽ നിന്ന് ഇതര സ്വീറ്റ് ഔട്ട്‌ലെറ്റുകളെ തടയുന്നു.
ചെന്നൈ ആസ്ഥാനമായുള്ള ഒരു മധുരപലഹാരക്കടയിൽ ‘തിരുപ്പതി’ എന്ന ബ്രാൻഡ് ടാഗുള്ള ലഡ്ഡു വിറ്റിരുന്നു.
വെങ്കിടേശ്വര ഭഗവാന്റെ വിശുദ്ധ പാദങ്ങളിൽ തൊടുന്ന തിരുമല പ്രസാദത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി 2013-ൽ മദ്രാസ് ഹൈക്കോടതി അത് നിരോധിച്ചു. Gl Tag ലഭിച്ചതിന്റെ മെച്ചം.
ഭൗമശാസ്ത്ര സൂചിക
ഒരു നിർദ്ദിഷ്ട ഭൂമിശാസ്ത്ര മേഖലയിൽ ഉല്പാദിപ്പിക്കുന്ന ഗുണ നിലവാരമേറിയ ഒരു വസ്തു ഉപഭോക്താക്കൾക്ക് തിരിച്ചറിയാനായി അതുല്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ പേര് ഒരു അടയാളമായി നൽകുന്നതിനെയാണ് ഭൂമിശാസ്ത്രപരമായ സൂചന നൽകുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ചില പ്രത്യേക പ്രദേശത്ത് വിളയുന്ന ചില ഉൽപ്പന്നത്തിന് ചില ഗുണങ്ങളുണ്ടാകാം.
പരമ്പരാഗത രീതികൾക്കനുസൃതമായി ചില പ്രത്യേക പ്രദേശത്തെ വിദഗ്ദരായ കരകൗശലത്തൊഴിലാളികൾ നിർമ്മിച്ചവയ്ക്ക് ക്രാഫ്റ്റ് മികവുണ്ടാകാം.
ചിലയിടങ്ങളിലെ രസക്കൂട്ടുകൾ ചില ആഹാരങ്ങളെ അതീവ രുചികരമാക്കാം.
ഭൂമിശാസ്ത്രപരമായ ചെറിയൊരു പ്രദേശത്തെ ഈ സവിശേഷതയ്ക്ക് അംഗീകാരം ലഭിക്കാനുള്ള ഒരു സർട്ടിഫിക്കേഷനാണ് Gl കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു നല്ല വസ്തുവിനെ തിരിച്ചറിയാൻ അതിന്റെ ഉല്പാദന ദേശത്തേയോ ഉല്പാദിപ്പിച്ച ആൾക്കാരെയോ ചേർത്ത് തിരിച്ചറിയാനുള്ള ഒരു സൂചന നൽകുകയാണ് ഇത് വഴി ചെയ്യുന്നത്.
ഒരുല്പന്നത്തിന്റെ മേന്മക്ക് അടിസ്ഥാനപരമായി അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി കാരണമാകുന്നു എന്ന കാഴ്ചപ്പാടിലാണിത്.
ഇന്ത്യയിൽ ഡാർജിലിംഗ് ചായ ആണ് ആദ്യം ഈ രീതിയിൽ അംഗീകരിക്കപ്പെട്ടത്. കേരളത്തിൽ ആറന്മുള കണ്ണാടിയും .
പാലക്കാടൻ മട്ട
ചെങ്ങാലിക്കോടൻ നേന്ത്രക്കായ
മലബാർ കുരുമുളക്
ആലപ്പുഴ പച്ച ഏലം
പാലക്കാട് മദ്ദളം
വാഴക്കുളം കൈതച്ചക്ക
ബാലരാമപുരം സാരി
കുത്താമ്പുള്ളി സാരി
പയ്യന്നൂർ പവിത്രമോതിരം
മറയൂർ ശർക്കര
തിരൂർ വെറ്റില എന്നിങ്ങനെ കേരളത്തിലെ 24 ഓളം ഉല്പന്നങ്ങൾ GI പട്ടികയിൽ ഉണ്ട് .
ഭൂമിശാസ്ത്രപരമായ സൂചനകളുടെ ഉപയോഗം കാർഷിക ഉൽപന്നങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല.
ഒരു ഭൂമിശാസ്ത്രപരമായ സൂചകം, ഉൽപ്പന്നത്തിന്റെ ഉത്ഭവസ്ഥാനത്ത് കാണപ്പെടുന്ന മാനുഷിക ഘടകങ്ങൾ, നിർമ്മാണ വൈദഗ്ധ്യങ്ങൾ, പാരമ്പര്യങ്ങൾ പോലെയുള്ള ഉൽപ്പന്നത്തിന്റെ പ്രത്യേക ഗുണങ്ങളും എടുത്തുകാണിച്ചേക്കാം.
.
ഉദാഹരണത്തിന് കരകൗശലവസ്തുക്കൾ, പ്രാദേശിക പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് സാധാരണയായി കൈകൊണ്ട് നിർമ്മിച്ചതും പ്രാദേശിക സമൂഹങ്ങളുടെ പാരമ്പര്യങ്ങളിൽ ഉൾച്ചേർന്നതുമാണ്.
ഇന്ത്യയിലാകെ 400 നടുത്ത് ഉല്പന്നങ്ങളാണ് GI പട്ടികയിൽ ഉള്ളത്.
ഇതിൽ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും പെടും
തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവും പഴനി മല ക്ഷേത്രത്തിലെ പഞ്ചാമൃതവും .
2009 ലാണ് തിരുപ്പതി ലഡ്ഡുവിന് GI Tag.ലഭിച്ചത്. പഴനി പഞ്ചാമൃതത്തിന് 2019 ലും .
കേരളത്തിൽ നിന്ന് ശബരിമല അരവണ പായസം, അമ്പലപ്പുഴ പാൽപ്പായസം, കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം എന്നിവ Gl ലിസ്റ്റിൽ പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷേ ഇത് വരെ ലഭിച്ചിട്ടില്ല.
2021 ഓഗസ്റ്റിൽ, തിരുപ്പതി ക്ഷേത്ര ഭരണസമിതി, ഭക്തർക്ക് വീട്ടിലേക്ക് മടങ്ങിപ്പോകുന്ന വേളയിൽ പ്രസാദം കൊണ്ടുപോകാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ബയോഡീഗ്രേഡബിൾ ബാഗുകൾ നൽകി ഹരിത ഭാവിയിലേക്ക് ചുവടുവച്ചു.
ലഡ്ഡു വിൽക്കുന്ന കൗണ്ടറുകളിലേക്ക് പോകുന്നതിന് മുമ്പ് ഭക്തർക്ക് ഈ പരിസ്ഥിതി സൗഹൃദ ബാഗുകൾ വാങ്ങാൻ ഒരു പ്രത്യേക കൗണ്ടർ പരിസരത്ത് ഉണ്ട്.
ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബിൽ വച്ച് ധാന്യം കൊണ്ട് നിർമ്മിച്ച ആ ബാഗുകൾ പരിസ്ഥിതിക്കും കന്നുകാലികൾക്കും ദോഷകരമല്ല.
2014 മുതൽ 2019 വരെയുള്ള കാലയളവിൽ 10 കോടി പ്ലാസ്റ്റിക് ബാഗുകളിലാണ് ക്ഷേത്രം അധികൃതർ പ്രസാദം വിതരണം ചെയ്തത്. അത്രയും പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയ്ക്ക് വരുത്തിയേക്കാവുന്ന ദോഷം മനസ്സിലാക്കിയാണ് പുതിയ സംവിധാനം .