ഹൈദരാബാദ് :ബിജെപി എംഎല്‍എ രാജാ സിംഗിന്റെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍ വ്യാപക ആക്രമം.
മുസ്ലിം സംഘടനകള്‍ ചാര്‍മിനാറിന് മുന്നില്‍ നടത്തിയ പ്രക്ഷോഭമാണ് അക്രമാസക്തമായത്.പ്രക്ഷോഭകാരികൾ നിരവധി പൊലീസ് വാഹനങ്ങൾ തല്ലി തകര്‍ത്തു.
യൂട്യൂബ് ചാനലിലൂടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തി അറസ്റ്റിലായ ബിജെപി എംഎല്‍എ. ടി. രാജാ സിംഗിന് ഇന്നലെ രാത്രിയാണ് കോടതി ജാമ്യം അനുവദിച്ചത്.പുറത്തിറങ്ങിയ രാജാ സിംഗിന് വന്‍ സ്വീകരണമാണ് അനുയായികള്‍ നല്‍കിയത്.ഇതിനു പിന്നാലെയാണ് ചാര്‍മിനാറിന് മുന്നിലേക്ക് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി ഇരച്ചെത്തിയത്.
പോലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും പോലീസിന് നേരെ കല്ലേറും ഉണ്ടായതോടെ പോലീസ് ലാത്തിവീശി.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച തെലങ്കാന ശ്രീറാം ചാനല്‍ വഴി പുറത്തുവിട്ട ‘ഫാറൂഖി കേ ആക കാ ഇതിഹാസ് സുനിയേ’ എന്ന തലക്കെട്ടില്‍ 10.27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ പരാമര്‍ശത്തെ ചൊല്ലിയാണ് വിവാദം. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം പേരുകള്‍ പറയാതെ രാജാ സിംഗും ആവര്‍ത്തിച്ചു. വീഡിയോ പുറത്തു വന്നതോടെ അര്‍ദ്ധരാത്രി മുതല്‍ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
നഗരത്തിലുടനീളം പ്രതിഷേധക്കാർ ആക്രമണം അഴിച്ചു വിട്ടു. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പുറത്ത് നിരവധി ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. ബഷീര്‍ബാഗിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് പുറത്ത് റോഡും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി.ഇവരെ പൊലീസ് പിരിച്ചുവിട്ടതിനു പിന്നാലെയായിരുന്നു ചാർമിനാറിലെ ആക്രമണം.