KeralaNEWS

ഗവര്‍ണര്‍ക്കെതിരേ സിപിഎം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകും; ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്

തൃശ്ശൂര്‍: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വാഗ്വാദങ്ങള്‍ ദിവസവും കടുക്കുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചും ഗവര്‍ണറെ പിന്താങ്ങിയും ബി.ജെ.പിയും രംഗത്തെത്തി.

ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ഗവര്‍ണര്‍ക്കെതിരായി സിപിഎം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കി. സി.പി.എം. നേതാക്കളും ഗവര്‍ണറും വാക്‌പോര് തുടരുന്നതിനിടെയാണ് സുരേന്ദ്രനും കളത്തിലെത്തിയത്.

Signature-ad

ഗവര്‍ണര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലവനായ ഗവര്‍ണര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഗവര്‍ണറുടെ ആരോപണത്തില്‍ എന്തുകൊണ്ട് അന്വേഷണില്ല. ഭയമില്ലെങ്കില്‍ എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്. ലോകായുക്തയുടെ കഴുത്തുഞെരിക്കാനും ചാന്‍സിലറുടെ പദവിയെടുത്തു കളയാനുമുള്ള നീക്കം ജനാധിപത്യത്തിന്റെ മരണമണിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം സര്‍ക്കാര്‍ നടത്തുന്നത് അസംബന്ധ നാടകമാണ്. 2 നിയമഭേദഗതികള്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ബന്ധുനിയമനമടക്കമുള്ളവ ന്യായീകരിക്കാനാണ് ഗവര്‍ണര്‍ക്കെതിരായ ആക്രോശമെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കെ ടി ജലീലിന്റെ രാജ്യ വിരുദ്ധ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല.

കോടതി ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യാനോ കേസെടുക്കാനോ തയാറാവുന്നില്ല. ജലീലിനെതിരെ സമരം ശക്തിപ്പെടുത്തേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഴിഞ്ഞത്തെ ആളുകളുടെ ആവശ്യം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നാല്‍ പദ്ധതിയേ വേണ്ടെന്ന സമരക്കാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Back to top button
error: