അബുദാബി: പുതിയ വിസ സ്കീം പ്രഖ്യാപിച്ച് യു.എ.ഇ സര്‍ക്കാര്‍. തൊഴില്‍ വിസക്കു പുറമെ ഏഴു വിസകളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
യു.എ.ഇ ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്കീം.
ഹബീബ് അല്‍ മുല്ല ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പങ്കാളിയും തൊഴില്‍ മേധാവിയുമായ ജോവാന മാത്യൂസ് ടെയ്‌ലറാണ് പുതിയ വിസകളെ കുറിച്ച് വിശദീകരിച്ചത്. യു.എ.ഇയില്‍ ജോലിയില്ലാതെ പ്രവേശിക്കാനും താമസിക്കാനും പ്രവാസികളെ അനുവദിക്കുന്ന വിസ വിഭാഗങ്ങളാണ് പരിചയപ്പെടുത്തിയത്.
പുതിയ ഏഴു വിസകള്‍
1. ഗോള്‍ഡന്‍ വിസ: കുറഞ്ഞത് രണ്ട് മില്യണ്‍ ദിര്‍ഹം നിക്ഷേപമുള്ള പ്രോപ്പര്‍ട്ടി നിക്ഷേപകര്‍, സംരംഭകര്‍, മികച്ച വിദ്യാര്‍ത്ഥികളും ബിരുദധാരികളും, മനുഷ്യവകാശ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍, ശാസ്ത്രജ്ഞര്‍, കൊവിഡ്-19 മുന്‍നിര പ്രവര്‍ത്തകര്‍, വിവിധ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
2. റിമോര്‍ട്ട് വര്‍ക്ക് വിസ: ഒരു വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കുന്ന ആളുകള്‍ക്ക് ജോലിയോ സ്പോണ്‍സറയുടെയോ ആവശ്യമില്ല. വിദേശ തൊഴിലുടമയ്‌ക്കായി യു.എ.ഇയില്‍ താമസിക്കുകയും ജോലി ചെയ്യുന്നവര്‍ക്കുമാണ് ഈ വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കാന്‍ വിദേശ തൊഴിലുടമയുമായിട്ടുള്ള ഒരു വര്‍ഷ കരാറിന്റെ രേഖ സമര്‍പ്പിക്കണം. വിദേശ തൊഴിലുടമക്ക് കുറഞ്ഞത് 5000 ഡോളര്‍ ശമ്പളം ഉണ്ടായിരിക്കണമെന്ന് നിബന്ധന.
3. ഗ്രീന്‍ വിസ: രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ഈ വിസകള്‍ ലഭിക്കുക. നിക്ഷേപകര്‍, ഫ്രീലാന്‍സര്‍മാര്‍/സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ എന്നിവര്‍ക്കാണ് വിസ അനുവദിക്കുന്നത്. ഫ്രീലാന്‍സര്‍മാര്‍ക്കോ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കോ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്നുള്ള പെര്‍മിറ്റ് ഉണ്ടായിരിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സ്വയം തൊഴിലില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയാത്തതും കൂടാതെ യു.എ.ഇ.യില്‍ താമസിക്കുമ്പോള്‍ സാമ്പത്തിക ഭദ്രത തെളിയിക്കേണ്ടതുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സ്പോണ്‍സര്‍ ഉണ്ടാകുകയും സര്‍വകലാശാലയില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ വിസ സ്പോണ്‍സര്‍ഷിപ്പ് ഉണ്ടായിരിക്കുകയും വേണം.
4. റിട്ടയര്‍മെന്റ് വിസ: 55 വയസോ അതില്‍ കൂടുതല്‍ ഉള്ളവര്‍ക്കോ ഇതിന് അപേക്ഷിക്കാം. ഭൂസ്വത്തിനായി 2 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ചിട്ടുള്ളവര്‍ക്കോ, ഒരു ദശലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം ഉള്ളവര്‍ക്കോ, അല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത വരുമാനം ഉള്ളവരോ ആയിരിക്കണം അപേക്ഷകര്‍.
5. ജോബ് എക്സ്പ്ലോറേഷന്‍ വിസ: വിദേശ പൗരന്മാര്‍ക്ക് തൊഴില്‍ അഭിമുഖങ്ങള്‍, മീറ്റിംഗുകള്‍, ബിസിനസ്സ് അവസരങ്ങള്‍ എന്നിവ നടത്തുന്നതിന് നല്‍കുന്ന 60 ദിവസത്തെ വിസ നല്‍കും. ഈ വിസക്കായി അപേക്ഷിക്കുന്നവര്‍ ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വകലാശാലകളില്‍ ഒന്നില്‍ നിന്ന് ബിരുദം നേടിയവരായിരിക്കണം.
6. വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകൾക്കും അവരുടെ കുട്ടികള്‍ക്കുമായുള്ള വിസ: വിവാഹമോചനമോ വിധവയോ ആയവര്‍ക്ക് ലഭിക്കുന്ന വിസയാണിത്. ഭര്‍ത്താവിന്റെ വിസയിലുണ്ടായിരുന്ന യുഎഇയില്‍ താമസിക്കുന്ന വിവാഹമോചിത യോ വിധവയോ ആയ സ്ത്രീകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിസ നീട്ടി കിട്ടുന്നു. മരണത്തിന്റെയോ വിവാഹമോചനത്തിന്റെയോ തീയതി മുതലാണ് വിസ കാലവധി നീട്ടുന്നത്. ഒരു തവണ മാത്രമേ വിസ പുതുക്കാന്‍ കഴിയൂ. ഇതിന് സ്‌പോണ്‍സറുടെ ആവശ്യമില്ല. മരിക്കുമ്പോഴോ വിവാഹമോചനം നേടുമ്പോഴോ സ്ത്രീയുടെയും കുട്ടികളുടെയും വിസകള്‍ സാധുവായിരിക്കണം. വിവാഹമോചനത്തിന്റെയോ മരണത്തിന്റെയോ തെളിവുകള്‍, ഉപജീവനത്തിനുള്ള മാര്‍ഗം, സ്ത്രീയുടെയും 18 വയസ്സിന് മുകളിലുള്ള കുട്ടികളുടെയും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, സ്ത്രീയുടെ എമിറേറ്റ്സ് ഐഡി കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ എന്നിവ സമര്‍പ്പിക്കണം.
7. മാനുഷിക ഇളവുകള്‍: എമിറാത്തി ഭര്‍ത്താവ് മരിക്കുകയും അവര്‍ക്ക് ഒന്നോ അതിലധികമോ കുട്ടികളോ ഉള്ളതുമായ സ്ത്രീകള്‍ക്കാണ് ഈ വിസ അനുവദിച്ചിരിക്കുന്നത്. വിദേശ പാസ്‌പോര്‍ട്ടുള്ള യു.എ.ഇ പൗരന്മാരുടെ രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്കോ, ജി.സി.സി പൗരന്മാരുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കും.