IndiaNEWS

എട്ടുവയസ്സുകാരിയെ ഇറച്ചിവെട്ടുകാരനായ യുവാവ് കഴുത്തറുത്ത് കൊന്നു, പെൺകുട്ടിയുടെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നത് കണ്ടതാണ് കൊലപാതക കാരണം

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചിവെട്ടുകാരന്‍ ദില്ലി പൊലീസ് പിടിയില്‍. സെന്‍ട്രല്‍ ദില്ലിയിലെ യമുന ഖാദര്‍ വനമേഖലയിലാണ് സംഭവം. 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തുര്‍ക്ക്മാന്‍ ഗേറ്റ് ഏരിയയില്‍ കശാപ്പുകാരനായി ജോലി ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായ റിസ്വാനും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടതാണ് ക്രൂരമായ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ ഇയാൾ കൊലപ്പെടുത്തിയ ശേഷം മുഖം കത്തി കൊണ്ട് വികൃതമാക്കുകയും ചെയ്തിരുന്നു. യമുന ഖാദറിലെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.

Signature-ad

കൊലപാകത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ പോലീസിന്റെ 50 അംഗ സംഘം വ്യാപക തിരച്ചിലാണ് നടത്തിയത്. പ്രദേശത്തെ സി.സി.ടി.വികൾ മുഴുവൻ പരിശോധിച്ചു. 200 ഓളം പേരെ ചോദ്യം ചെയ്തു. ഒടുവിലാണ് പ്രതി റിസ്വാനാണെന്ന് കണ്ടെത്തിയത്. ഇയാളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് അഞ്ചിനാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പിതാവിന്റെ പരാതി സെൻട്രൽ ഡൽഹി ഡി.സി.പി ശ്വേത ചൗഹാന് ലഭിക്കുന്നത്. തനിക്കും ഭാര്യക്കും മറ്റു മൂന്ന് മക്കൾക്കുമൊപ്പം ജുഗ്ഗിയിലെ താമസസ്ഥലത്ത് ഉറങ്ങി കിടന്ന എട്ടു വയസുകാരിയായ മകളെ പുലർച്ച നാലുമണിയോടെ കാണാതായി എന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ യമുന ഖേദറിൽ ആട് മേയ്ക്കാനിറങ്ങിയ രണ്ടുപേർ ഒരു പെൺകുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 18നായിരുന്നു ഇത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മൃതദേഹത്തിലെ വസ്ത്രം രക്ഷിതാക്കൾ തിരിച്ചറിഞ്ഞതോടെ കാണാതായ എട്ടുവയസുകാരിയാണെന്ന് ഉറപ്പിച്ചു.

കശാപ്പുകാരനായ ബാദ്ഷാ കുട്ടിയെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നും മിഠായി നല്‍കി സൗഹൃദം സ്ഥാപിച്ചിരുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അമ്മയുമായി അടുപ്പം പുലര്‍ത്തിയെന്നും പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു എന്നും റിസ്വാന്‍ വെളിപ്പെടുത്തിയതായി ഡി.സി.പി പറഞ്ഞു. അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് പെണ്‍കുട്ടി കണ്ടെന്നും സംഭവം പുറത്തറിയാതിരിക്കാനാണ് അവളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

കുറ്റകൃത്യം നടന്നതിന്റെ തലേദിവസം രാത്രി ഇയാൾ മദ്യവും മയക്കുമരുന്നും കഴിച്ചിരുന്നു. പെൺകുട്ടിയും കുടുംബവും ഉറങ്ങുന്നതിനായി കാത്തിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി യമുന ഖാദറിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്നു പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കുള്ള പങ്ക് പോലീസ് അന്വേഷിച്ച് വരികയാണ്. റിസ്വാനെ ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച തന്നെ കൊലപാകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിഹാർ സ്വദേശിയായ റിസ്വാൻ കഴിഞ്ഞ 20 വർഷത്തോളമായി ഡൽഹിയിലാണ് താമസിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: