NEWS

പൂവിളി പൂവിളി പൊന്നോണമായി ..!

പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും. ഓണമോ ഈദോ ക്രിസ്മസോ.. എന്തുമാകട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമാണ്.

നാടിന്റെ ആവേശവും അഭിമാനവുമാണ് ഇവിടുത്തെ ഓരോ ആഘോഷവും. മിത്തുകൾ ജീവൻ വെച്ചാടുന്ന തെയ്യക്കോലങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനമോ, അലങ്കാരവിളക്കുകൾ കൊണ്ട് അലംകൃതമായ പളളിപ്പറമ്പിലെ പെരുന്നാളോ തുടങ്ങി ഒരു സഞ്ചാരിയെ ആശ്ചര്യപൂരത്തിലാറാടിക്കാൻ പോന്ന ആഘോഷങ്ങള്‍ നാടിന്റെ ഏതെങ്കിലുമൊരു ദിക്കിൽ എപ്പോഴുമുണ്ടാകും.

മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം. പലതരം സംസ്ക്കാരങ്ങളുടെ സംഗമഭൂമി. വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അരങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതൽ.
കേരളമൊന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.കേരളത്തിന്റെ ദേശീയോത്സവം. ഐതിഹ്യമനുസരിച്ച്, കേരളനാട്ടിൽ ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു അസുര രാജാവായ മഹാബലി വാണ കാലം.പ്രജാക്ഷേമതൽപരനായിരുന്ന മഹാബലി കൊല്ലം തോറും തന്റെ നാട്ടുകാരെ കാണാനെത്തുന്ന ദിനമാണ് മലയാളമാസമായ ചിങ്ങത്തിലെ തിരുവോണം.മഹാബലിയെ സ്വീകരിക്കാനുളള ഒരുക്കങ്ങളാണ് തിരുവോണദിനത്തോടനുബന്ധിച്ചുളള ആഘോഷങ്ങൾ.
നാടൻ പന്തുകളിയും വടംവലിയും വള്ളംകളിയും ഊഞ്ഞാലാട്ടവും ഉപ്പേരി കൊറിക്കലുമെല്ലാം ഓണത്തിന്റെ പ്രത്യേകതകളാണെങ്കിലും അറുപതു വിഭവങ്ങൾ വരെ നിറയുന്ന തൂശനിലയിലെ തിരുവോണസദ്യ ആണ് അതിന്റെ ഹൈലൈറ്റ്.
ഓണം വെറുമൊരു ആഘോഷം മാത്രമല്ല, അത് കലയ്ക്കും കായികത്തിനും വേണ്ടിയുള്ള കേരളത്തിന്റെ നീക്കിയിരുപ്പ് കൂടിയാണ്.തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷങ്ങളോടെ കേളികൊട്ട് ഉയരുന്ന ഓണത്തിന് ആറന്മുളയിലെ ഉത്രട്ടാതി വള്ളംകളിയോടാണ് കൊടി ഇറങ്ങുന്നത്.ഇങ്ങനെ എന്തൊക്കെ കലാകായിക-സാംസ്കാരിക മേളകളാണ് ഓണക്കാലത്ത് മാത്രമായി നടക്കുന്നത്? മഴക്കാലത്ത് മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓരോ ഓണക്കാലത്തും എത്രയെത്ര തട്ടിക്കൂട്ട് ക്ലബുകളാണ് ഓരോ ഗ്രാമത്തിലും ഉയർന്നുവന്നുകൊണ്ടുമിരുന്നത് ?
ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ ക്ലബുകൾ.കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖംമൂടി മാറ്റി ചിങ്ങനിലാവിന്റെ കസവു ചേലയുമുടുത്ത് ഓണം പടിവാതിലിൽ എത്തുന്നതിനു മുൻപേ നാട്ടിലെ ജനങ്ങളുടെ ആവേശം ആകാശത്തോളം ഉയർത്താൻ ഇത്തരം ക്ലബുകൾക്ക് കഴിയുമായിരുന്നു.പൂവിളി പൂവിളി പൊന്നോണമായി എന്ന് ഉയർത്തിക്കെട്ടിയ കോളാമ്പിയിലൂടെ ഒഴുകിയെത്തുന്ന പാട്ട് ഓരോ ഗ്രാമിണരുടെയും ഓണാവേശത്തെ അത്യുന്നതങ്ങളിൽ എത്തിക്കുകയും ചെയ്യുമായിരുന്നു.
കലയ്ക്കും കായികത്തിനും വേണ്ടിയുള്ള ഏത് കൂട്ടായ്മയും ആദരിക്കപ്പെടേണ്ടതാണ്.ജാതിക്കും മതത്തിനും വെറുപ്പിന്റെ വിതരണത്തിനും വേണ്ടിയുള്ള കൂട്ടംകൂടലുകൾ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും പാരസ്പര്യത്തിനും വൻതോതിൽ വെല്ലുവിളി ഉയർത്തുന്ന സമകാലിക സന്ദർഭത്തിൽ പ്രത്യേകിച്ചും.
ഇവിടെയാണ് ഓണം പോലെയുള്ള ആഘോഷങ്ങളുടെ പ്രസക്തിയും പ്രാധാന്യവും!

Back to top button
error: