ദില്ലി: വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സ്റ്റോക്ക് ഇപ്പോഴും ഇന്ത്യയില്‍ ഉണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കുന്നു.
പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍ ഗോതമ്പിന്റെ ശേഖരം ഉള്ളത്. എന്നാല്‍ ഇറക്കുമതിക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ നിലവില്‍ രാജ്യത്ത് ഇല്ല എന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നിഗമനം. ക്ഷാമവും വിലക്കയറ്റവും കാരണം വിദേശത്ത് നിന്ന് ഗോതമ്പ് വാങ്ങാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഉക്രൈന്‍ – റഷ്യ യുദ്ധം ആരംഭിച്ചതോടുകൂടി ലോകത്ത് ഗോതമ്പിന്റെ ലഭ്യത കുറഞ്ഞിരുന്നു. ആഭ്യന്തര വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഗോതമ്പ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഉത്പാദനം ഉയര്‍ന്നതാണ് ഇന്ത്യയില്‍ ഗോതമ്പിന് ക്ഷാമം ഉണ്ടാകാതിരുന്നതിനുള്ള കാരണം. എന്നാല്‍ ഈ വര്‍ഷത്തെ വിളവെടുപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്, ഇതാണ് ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്യും എന്ന റിപ്പോര്‍ട്ടിലേക്ക് എത്തിച്ചത്.
2021 22 വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 11.1 കോടി ടണ്‍ ഗോതമ്പ് ഉത്പാദിപ്പിക്കാനാകുമെന്നായിരുന്നു കണക്ക് കൂട്ടിയത്. എന്നാല്‍ വിളവ് മോശമായതോട് കൂടി ഉത്പാദനം 10.7 കോടി ടണ്‍ മാത്രമായിരിക്കുമെന്നാണ് നിലവിലെ കണക്ക്. ഇതോടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉക്രൈനും റഷ്യയും ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍. എന്നാല്‍ യുദ്ധം ആരംഭിച്ചതോടുകൂടി ഈ രാജ്യങ്ങളില്‍ നിന്നും കയറ്റുമതി പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇതാണ് ഗോതമ്പ് ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലേക്ക് ഗോതമ്പിനായി മറ്റു രാജ്യങ്ങള്‍ എത്തിയത്. എന്നാല്‍ ആഭ്യന്തര വില കുത്തനെ ഉയര്‍ന്നതോടെ രാജ്യം കയറ്റുമതി അവസാനിപ്പിച്ചു.