തിരുവനന്തപുരം: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റമണാണ് നേടിയത്. ഏഴ് സീറ്റുകളുണ്ടായിരുന്നിടത് ഇത്തവണ അതിരട്ടിയാക്കി 14 സീറ്റുകളിലാണ് യുഡിഎഫ് വിജയക്കൊടി പാറിച്ചത്. അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നാലെ മട്ടന്നൂരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്തുകളിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. പലയിടത്തും ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍ ആരോപിച്ചത്. വോട്ട് നില നിരത്തിയാണ് ശബരിയുടെ ആരോപണം.
മട്ടന്നൂർ ടൗൺ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രശാന്ത് ആണ് വിജയിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് രണ്ടക്കത്തിൽ എത്തി. എല്‍ഡിഎഫിന് 105 വോട്ട് കുറഞ്ഞപ്പോൾ ബിജെപിയ്ക്ക് 110 വോട്ട് കൂടി. ഇപ്പോൾ അന്തർധാര വ്യക്തമായില്ലേയെന്ന് ശബരിനാഥന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിയുടെ വിമര്‍ശനം. ജനവികാരം മുൻകൂട്ടി അറിഞ്ഞുകൊണ്ട് പലയിടത്തും ബിജെപിയും മറ്റു സംഘടനകളുമായി സിപിഎം ധാരണയിലെത്തിയെന്നാണ് ശബരിനാഥന്‍റെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
മട്ടന്നൂരിൽ ഇലക്ഷൻ യുഡിഎഫ് നേടിയ ചരിത്ര വിജയം യഥാർത്ഥത്തിൽ മുൻസിപ്പാലിറ്റി ഭരണത്തിൽ കലാശിക്കേണ്ടതായിരുന്നു. കണക്കുകൾ പ്രകാരം 165 വോട്ടുകൾ കൂടി പിടിച്ചിരുന്നെങ്കിൽ മുൻസിപ്പാലിറ്റി ഭരണം യുഡിഎഫിലേക്ക് എത്തിയേനെ… എന്നാൽ ജനവികാരം മുൻകൂട്ടി അറിഞ്ഞുകൊണ്ട് പലയിടത്തും ബിജെപിയും മറ്റു സംഘടനകളുമായി സിപിഎം ധാരണയിലെത്തി. ഉദാഹരണത്തിന് സിപിഐഎം ഓഫീസ് സ്ഥിതി ചെയ്യുന്ന മട്ടന്നൂർ ടൗൺ (29) വാർഡിലെ റിസൾട്ട് നമുക്കൊന്ന് പഠിക്കാം.
2017
യുഡിഎഫ് – 307
ബിജെപി – 221
എല്‍ഡിഎഫ് – 188
2022
യുഡിഎഫ് – 343
ബിജെപി – 331
എല്‍ഡിഎഫ് – 83
യുഡിഎഫ് സ്ഥാനാർത്ഥി പ്രശാന്ത് കൂടുതൽ വോട്ട് നേടി വിജയിച്ചെങ്കിലും എല്‍ഡിഎഫ് വോട്ട് രണ്ടക്കത്തിൽ എത്തി. എല്‍ഡിഎഫിന് 105 വോട്ട് കുറഞ്ഞപ്പോൾ ബിജെപിയ്ക്ക് 110 വോട്ട് കൂടി. ഇപ്പോൾ അന്തർധാര വ്യക്തമായില്ലേ?? കേരളത്തിലെ എല്‍ഡിഎഫ് തുടർഭരണത്തിൽ ബിജെപിക്ക് വ്യക്തമായിട്ടുള്ള പങ്കുണ്ട്. സമാനമായ രീതിയിൽ തുടർ പഞ്ചായത്തുകളിലും അന്തർധാര സജീവമാണ്. ഇതിനെയെല്ലാം അതിജീവിച്ച മട്ടന്നൂരിലെ ധീര പോരാളികൾക്ക് അഭിവാദ്യങ്ങൾ.