NEWS

ഒരു ഗ്രാമത്തെ തന്നെ ‘ബ്രാൻഡ് നെയിം’ ആക്കിയ ബസ് സർവീസ്

ചമ്പക്കര… അരനൂറ്റാണ്ടായി കോട്ടയംകാരുടെ ഹൃദയറൂട്ടിലോടിയ ബസുകൾ
ചമ്പക്കര എന്നാൽ കറുകച്ചാലിനടുത്തുള്ള ഒരു ഗ്രാമമാണ്. പണ്ടേ കളരിക്കും പരമ്പരാഗത ചികിത്സയ്ക്കും പ്രശസ്തി നേടിയ ഇടം. പക്ഷേ, ചമ്പക്കര എന്ന പേര് ഓർക്കാൻ സുഖമുള്ള ഒരു യാത്രാനുഭവത്തിന്റേത് കൂടിയാകുന്നു. യാത്രികർ ഹൃദയത്തോട് ചേർത്തുവെച്ച ഒരു ബസ് സർവീസിന്റെ പേര്.
ഒരു നാടിന്റെ പേരിൽ ആരംഭിച്ച് വിവിധ നാടുകളുടെ സ്പന്ദനമായി മാറിയ കോട്ടയം ജില്ലയിലെ ഒരു ബസ് സർവീസാണ് ചമ്പക്കര. പൊതുഗതാഗതത്തിന്റെ പ്രാധാന്യവും ആവശ്യകതയും എത്രമാത്രം വലുതാണെന്ന് ജനങ്ങളെ പഠിപ്പിച്ച സർവീസുകളായിരുന്നു ചമ്പക്കരയുടേത്. എഴുപതുകളുടെ മധ്യത്തോടെ കറുകച്ചാലിന് സമീപം ചമ്പക്കരയെന്ന ഗ്രാമത്തിലെ ലക്ഷ്മിവിഹാറിൽ ശ്രീകണ്ഠൻ, ബാലകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, ശിവരാമൻ എന്നീ നാലു സഹോദരങ്ങൾ ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഈ ബസ് സർവീസ്.
പഴയ ഒരു ബസ് വാങ്ങി കോട്ടയം-പുതുപ്പള്ളി-കറുകച്ചാൽ-മണിമല വഴി എരുമേലി റൂട്ടിൽ ആദ്യ സർവീസ് ആരംഭിച്ചായിരുന്നു തുടക്കം. നാട്ടുകാർക്കായി ആരംഭിച്ച പ്രസ്ഥാനമായതിനാൽ നാടിന്റെ പേര് തന്നെ നൽകി. പിന്നീട് ചമ്പക്കര മോട്ടോഴ്സിന്റെ സുവർണകാലമായിരുന്നു. പൊതുഗതാഗത സൗകര്യങ്ങളില്ലാത്ത കോട്ടയം, പത്തനംതിട്ട ജില്ലകളുടെ ഉൾപ്രദേശങ്ങളിലേക്ക് പുതിയ സർവീസുകൾ ഓടിക്കൊണ്ടേയിരുന്നു.
ചമ്പക്കരയിലാണ് നാട് സമയത്തെ അടയാളപ്പെടുത്തിയത്. എട്ടരയുടെ ചമ്പക്കര, 12-ന്റെ ചമ്പക്കര എന്നൊക്കെ. പുതിയ മോഡലുകൾ വന്ന കാലത്ത് ഹേറോഡൈൻ ചമ്പക്കര, വശത്ത് ഗ്ലാസിട്ട ചമ്പക്കര, ബോക്സും പാട്ടുമുള്ള ചമ്പക്കര എന്നിങ്ങനെ ജനം സ്നേഹിച്ചു. കോട്ടയത്തുനിന്ന് മണിമല, റാന്നി, എരുമേലി, പത്തനംതിട്ട, ആങ്ങമൂഴി, ആനപ്പാറ, പെരുനാട്, സീതത്തോട്, കോഴഞ്ചേരി, പന്തളം, കായംകുളം തുടങ്ങി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം ചമ്പക്കര എത്തിത്തുടങ്ങി.
പത്തനംതിട്ട ജില്ലയിലെ പല ഉൾപ്രദേശങ്ങളിലേക്കും ആദ്യമായി കടന്നുചെന്ന ബസുകൾ ചമ്പക്കരയുടേതായിരുന്നു. കോട്ടയത്തുനിന്ന് സമീപ ജില്ലകളിലേക്ക് പോകാൻ തയ്യാറായി നിരവധി ചമ്പക്കര ബസുകൾ നാഗമ്പടം സ്റ്റാൻഡിൽ നിരന്നുകിടക്കുന്നത് വലിയ കാഴ്ചയായിരുന്നു. ഷാസി വാങ്ങി സ്വന്തം വർക്ക്ഷോപ്പിൽ തന്നെയാണ് ചമ്പക്കര ബസുകൾ നിർമിച്ചിരുന്നത്. നീലയും ചന്ദന നിറവും ചേർന്ന ഒരു കളർകോഡിലായിരുന്നു ബസുകൾ. ഒന്നിൽനിന്ന് ആരംഭിച്ച പ്രസ്ഥാനം 33 ബസുകളിലേക്ക് വളർന്നു.
കോട്ടയത്തും പത്തനംതിട്ടയ്ക്കുമെല്ലാം പോകാൻ ചമ്പക്കരതന്നെ വേണമെന്ന് ആളുകൾ പറഞ്ഞുതുടങ്ങി. മഴയായാലും മഞ്ഞായാലും ചമ്പക്കര വരുമെന്ന് യാത്രക്കാർക്ക് നല്ല ഉറപ്പായിരുന്നു. ബസുകൾക്ക് തകരാറുണ്ടായാൽ പകരം ഗാരേജിൽ റിസർവ് ബസുകൾ സജ്ജമായിരുന്നു. പുലർച്ചെ നാലരമുതൽ രാത്രി 10 വരെ ബസുകൾ റൂട്ടിലുണ്ടാകും. അവധി ദിവസമായാലും യാത്രക്കാരില്ലെങ്കിലും സർവീസ് കൃത്യമായി നടത്തും. അത് നിർബന്ധമായിരുന്നു.
സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധികൾ ചമ്പക്കരയെയും ബാധിച്ചു. റൂട്ടുകൾ പലതും മറ്റുള്ളവർക്ക് കൈമാറി. ബസുകളുടെ എണ്ണം കുറഞ്ഞു. ചമ്പക്കരയുടെ ബസ് വാങ്ങിയവർപോലും പഴയ കളർകോഡ് മാറ്റാതെ സർവീസുകൾ നടത്തിയിരുന്നു. ഇപ്പോൾ ഏതാനും ബസുകൾ മാത്രമാണ് കമ്പനി നിലനിർത്തിയിരിക്കുന്നത്.

Back to top button
error: