IndiaNEWS

അമിത് ഷായുമായി ജൂനിയര്‍ എൻടിആര്‍ കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി കൂടിക്കാഴ്ച നടത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം ജൂനിയറെ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയുടെ മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്.

അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എൻടിആറിൻ്റെ പേരമകനാണ് ജൂനിയര്‍ എൻടിആര്‍. എൻടിആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയര്‍ എൻടിആര്‍ പ്രചാരണം നടത്തിയിരുന്നു. അതിനു ശേഷം ഇത്ര വര്‍ഷമായി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചാണ് ജൂനിയര്‍ എൻടിആര്‍ നിന്നിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവിൽ ഹിന്ദ്പുര്‍ മണ്ഡലത്തിൽ നിന്നുള്ള ടിഡിപി എംഎൽഎയാണ്. ജൂനിയര്‍ എൻടിആറിനെ കാണും മുൻപ് ഹൈദരാബാദിലെ പ്രശസ്തമായ രാമോജി റാവു ഫിലിം സിറ്റിയുടെ സ്ഥാപകൻ രാമോജി റാവുവിനെ അമിത് ഷാ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദര്‍ശിച്ചു.

Signature-ad

ദക്ഷിണേന്ത്യയിൽ കര്‍ണാടകത്തിൽ മാത്രമാണ് ഇതുവരെ ബിജെപിക്ക് അധികാരം നേടാനായിട്ടുള്ളത്. പ്രാദേശിക പാര്‍ട്ടികൾ ശക്തമായ ഇതരസംസ്ഥാനങ്ങളിൽ കാര്യമായി സ്വാധീനമുറപ്പിക്കാൻ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. കര്‍ണാടകയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഏറ്റവും പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാന രൂപീകരണത്തിന് ശേഷം ടിആര്‍എസ് ഭരണത്തിൽ തുടരുന്ന തെലങ്കാനയിൽ ശക്തമായ പ്രതിപക്ഷത്തിൻ്റെ അഭാവമുണ്ട്. കോണ്‍ഗ്രസിനെ തളര്‍ത്തി അവിടെ വളരാനുള്ള ശ്രമത്തിലാണ് ബിജെപിയിപ്പോൾ. തെലങ്കാനയിൽ വേരുറപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കൂടുതൽ പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്.

അതേസമയം തെലങ്കനായിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് ഹൈദരാബാദിൽ നടത്തിയ റോഡ് ഷോയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ടിആര്‍എസിനെ അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും ചന്ദ്രശേഖര റാവുവിൻ്റെ കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞെന്നും പറഞ്ഞ ഷാ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അധികാരം നേടുക എന്ന ലക്ഷ്യത്തോടെ മിഷൻ 2023-നായി പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു. തെലങ്കാനയിലെ കൂടുതൽ നേതാക്കൾ ബിജെപിയിൽ എത്തുമെന്നും അമിത് ഷാ പറഞ്ഞു.

Back to top button
error: