KeralaNEWS

ഓണക്കിറ്റ് മറ്റന്നാൾ മുതൽ,14 ഇനങ്ങൾ, പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിംഗ് ഏതാണ്ട് പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റില്‍ ഇടം പിടിച്ചു. മില്‍മയില്‍ നിന്ന് നെയ്യ്, ക്യാഷു കോര്‍പ്പറേഷനില്‍ നിന്ന് കശുവണ്ടി പരിപ്പ്, സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍. 14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. പഞ്ചസാരയും, ചെറുപയറും, തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉള്‍പ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.

കഴിഞ്ഞ വര്‍ഷം പപ്പടവും,ശര്‍ക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്. എന്നാല്‍ ഇത്തവണ മുന്‍വര്‍ഷത്തെ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി കരുതലെടുത്തിട്ടുണ്ട് സ്പ്ലൈക്കോ. ഇ ടെന്‍ഡര്‍ മുതല്‍ പാക്കിംഗില്‍ വരെയുണ്ട്. മുന്‍വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മുന്നില്‍ ഉണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് സപ്ലൈകോ ഓണം കിറ്റ് തയാറാക്കിയത്.

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് തയ്യാറാകുന്നത്. പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം. തിരുവനന്തപുരത്ത് നാളെ വൈകീട്ടാണ് മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ റേഷന്‍ കടകളില്‍ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുന്‍ഗണന അനുസരിച്ച്‌ ഓണത്തിന് മുന്‍പെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കുള്ള കിറ്റുകൾ നൽകും. ആഗസ്റ്റ് 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുടമകൾക്കും ആഗസ്റ്റ് 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുടമകൾക്കും സെപ്തംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും.

നിശ്ചയിച്ച തീയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ കിറ്റ് വാങ്ങാം. ഇതിനായി സെപ്റ്റംബർ നാല് ഞായറാഴ്ച റേഷൻ കടകൾ പ്രവർത്തിക്കും.
ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്ക്വാഡുകളുമുണ്ട്. ശർക്കര വരട്ടിയുടെ ലഭ്യതക്കുറവ് കാരണം കുറച്ച് കിറ്റുകളിൽ ചിപ്സ് ഉൾപ്പെടുത്താൻ തീരുമാനിച്ചു.

അവരവരുടെ റേഷൻ കടകളിൽനിന്ന് തന്നെ കിറ്റ് വാങ്ങുക: മന്ത്രി

കാർഡുടമകൾ അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റ് കൈപ്പറ്റാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കാൻ മന്ത്രി അഭ്യർഥിച്ചു.

കിറ്റിൽ ലഭിക്കുന്ന സാധനങ്ങൾ

കശുവണ്ടി പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 മില്ലി, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, വെളിച്ചെണ്ണ 500 മില്ലി, തേയില 100 ഗ്രാം, ശർക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര 1 കിലോ, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കിലോ.

Back to top button
error: