തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ കാർ എതിർ ദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മറ്റൊരു മകന് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങലിന് സമീപം നഗരൂരിൽ രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. കല്ലിംഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (45), മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നഗരൂർ ഭാഗത്തു നിന്ന് കല്ലിംഗലുള്ള വീട്ടിലേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. മടവൂർ സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കൽപ്പനയാണ് മരണമടഞ്ഞ സുനിൽകുമാറിന്റെ ഭാര്യ. സംഭവവുമായി ബന്ധപ്പെട്ട് മടവൂർ സ്വദേശികളായ ഷിറാസ്, ജാഫർ ഖാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുറ്റിപ്പുറത്ത് സ്കൂട്ടർ യാത്രികൻ കാർ ഇടിച്ചു മരിച്ചു. ഭാര്യക്ക് ഗുരുതരമായ പരിക്കേറ്റു. കുറ്റിപ്പുറം തിരൂർ റോഡ് മഞ്ചാടിയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം. പുത്തനത്താണി കുന്നത്തോടത്ത് അബ്ദുൽഖാദർ (48) ആണ് മരിച്ചത്. ഭാര്യ റുഖിയായെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന ഇന്നോവ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചുകയറിയത്. ഇന്നോവ കാർ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച ശേഷം ചെങ്കൽ മതിൽ ഇടിച്ചു തകർന്ന ശേഷം നൂറ് മീറ്ററോളം നീങ്ങി തലകീഴായി മറിഞ്ഞ് മറ്റൊരു മതിലിൽ ഇടിച്ചാണ് നിന്നത്. ഇന്നോവയിലെ യാത്രികരായ ദമ്പതികൾക്ക് നിസ്സാര പരിക്കുണ്ട്.
അബ്ദുൽ ഖാദറിൻ്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഖബറടക്കം. മക്കൾ: ഫാത്തിമ, ജുമൈലത്ത്, മുഹമ്മദ് ജിനാൻ.