CrimeNEWS

പ്രാർഥനക്കിടെ പള്ളിയിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പള്ളിക്കുള്ളിൽ സ്ഫോടനം. സംഭവത്തിൽ 20 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് ഉ​ഗ്ര സ്ഫോടനം ന‌ടന്നത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 40ലേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവ സ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ എത്തിച്ചേരുമെന്ന് കാബൂൾ സുരക്ഷാ കമാൻഡ് വക്താവ് ഖാലെദ് സർദാൻ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തെ പ്രാർഥനക്കിടെയാണ് ഭീകരാക്രമണം നടന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നു.

മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇന്റലിജൻസ് സംഘവും അന്വേഷണം തുടരുകയാണ്. അതേസമയം, എത്രപേർ കൊല്ലപ്പെട്ടെന്നതിൽ താലിബാൻ ഔദ്യോ​ഗിക വിശദീകരണം നൽകി‌യിട്ടില്ല.  ഈ മാസം 11ന് കാബൂളിലെ മദ്റസയിൽ നടന്ന ചാവേർ ആക്രമണത്തിൽ താലിബാൻ ഉന്നത നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടിരുന്നു. കാൽ നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി മദ്റസയിലെത്തിയതാണ് പൊട്ടിത്തെറിച്ചതെന്ന് താലിബാൻ വൃത്തങ്ങൾ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. 2020 ഒക്ടോബറിൽ പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിൽ നിന്ന് ഷെയ്ഖ് റഹീമുള്ള രക്ഷപ്പെട്ടിരുന്നു.

Signature-ad

താലിബാൻ അധികാരത്തിലേറെ ഒരു വർഷം പിന്നിടുമ്പോഴും അഫ്​ഗാനിൽ ഭീകരാക്രമണം തുടരുകയാണ്. ഐഎസ് ഖൊറാസാനാണ് അഫ്​ഗാനിലെ അക്രമങ്ങൾക്ക് പിന്നിലെന്നാണ് താലിബാൻ പറയുന്നത്. അതേസമയം, അൽഖ്വയ്ദ തലവൻ അയ്മൻ സവാഹിരിയെ അമേരിക്ക അഫ്​ഗാനിൽ വെച്ച് ഡോണാക്രമണത്തിലൂടെ വധിച്ചു. അമേരിക്കൻ നടപടിക്കെതിരെ താലിബാൻ രം​ഗത്തെത്തിയിരുന്നു. രാജ്യത്ത് പ്രവേശിച്ച് അക്രമണം നടത്തരുതെന്നായിരുന്നു താലിബാന്റെ മുന്നറിയിപ്പ്.

Back to top button
error: