കാമുകിയെ നിരീക്ഷിക്കാനായി കാറിൽ ആപ്പിൾ എയർടാഗ് ട്രാക്കർ സ്ഥാപിച്ച കാമുകൻ പിടിയിൽ. ഇയാൾക്ക് ഒൻപത് ആഴ്ച തടവ് ശിക്ഷ ലഭിച്ചെന്നതടക്കമുള്ള വിവരങ്ങൾ ഡെയ്‌ലിമെയിലാണ് റിപ്പോർട്ട് ചെയ്തത്. ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ( 41 ) ആണ് ട്രാക്കർ സ്ഥാപിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ആമസോണിൽ നിന്ന് എയർടാഗ് ഓർഡർ ചെയ്ത് ക്രിസ്റ്റഫർ കാമുകിയായിരുന്ന യുവതിയുടെ നീക്കങ്ങൾ നീരിക്ഷിച്ചു. കൂടാതെ വിശദമായി നീരിക്ഷിക്കുന്നതിനായി കാറിന് പിന്നിലെ ബമ്പറിൽ ട്രാക്കറും പിടിപ്പിച്ചു. ആപ്പിളിൽ ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിക്കുന്നതിനാൽ ലിങ്ക് ചെയ്‌ത ഐ ഫോണിന് സ്ഥാനം കണ്ടെത്താൻ എളുപ്പമാണ്. ഇത് ഉപയോഗിച്ചായിരുന്നു നിരീക്ഷണം.
സ്വാൻസിയിലെ ടൗൺഹില്ലിലെ ഗ്വിനെഡ് അവന്യൂവിലെ ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ട്രോട്‌മാൻ പത്ത് വർഷത്തിലെറെയായി പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2020 ൽ ഇരുവരും പിരിഞ്ഞു. വേർപിരിഞ്ഞതിനു ശേഷവും ക്രിസ്റ്റഫർ പരാതിക്കാരിയായ യുവതിയെ പിൻതുടരുകയായിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം. ഈ മാർച്ചിലാണ് പരാതിക്കാരിക്ക് ഇതു സംബന്ധിച്ച് സംശയമുണ്ടാകുന്നത്. പുതിയ ഐ ഫോണുമായി കാറിൽ കയറിയ യുവതിയുടെ ഫോണിൽ ആപ്പിൾ എയർടാഗിലേക്ക് കണക്റ്റ് ചെയ്യണോ എന്ന നോട്ടിഫിക്കേഷൻ വന്നു.
അന്ന് യുവതി മെസെജ് അവഗണിച്ചെങ്കിലും ആ നോട്ടിഫിക്കേഷൻ ആണ് കേസിൽ നിർണായകമായത്. മറ്റു പുരുഷൻമാർക്കൊപ്പം കറങ്ങുവാണോ, സ്വാൻസീയിലെ പെൻഡറി റോഡിൽ ആ രാത്രി അവൾ ആസ്വദിച്ചോ എന്നുമുള്ള മെസെജ് ക്രിസ്റ്റഫറിൽ നിന്ന് ലഭിച്ചതോടെ യുവതിയുടെ സംശയം വർധിച്ചു. എയർടാഗിലേക്ക് കണക്റ്റുചെയ്യുന്നതിനെക്കുറിച്ച് ഐഫോണിൽ നിരന്തരം നോട്ടിഫിക്കേഷൻ വന്നു തുടങ്ങിയതോടെയാണ് മുൻ കാമുകൻ പിടിപ്പിച്ച എയർടാഗ് കണ്ടെത്തിയത്. ക്രിസ്റ്റഫർ ആമസോൺ അക്കൗണ്ടിലൂടെ നിരവധി ആപ്പിൾ ടാഗുകൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. കാറിന്‍റെ പിന്നിലുള്ള ബമ്പറിന്‍റെ ഒരു ചെറിയ സ്പേസിലാണ് എയർടാഗ് ഒട്ടിച്ചിരുന്നത്. എയർടാഗ് തിരിച്ചറിഞ്ഞതോടെ പരാതിക്കാരി പൊലീസിനെ ബന്ധപ്പെട്ട് പരാതി നൽകുകയും എയർടാഗ് കൈമാറുകയും ചെയ്തു.
ബാഗുകളും പേഴ്‌സും മറ്റു സാധനങ്ങളും നഷ്ടപ്പെടുന്നതു ഒഴിവാക്കാനോ, നഷ്ടപ്പെട്ടാൽ കണ്ടുപിടിക്കാനോ സഹായിക്കുനന് സ്മാർട് ട്രാക്കിങ് ഉപകരണമാണ് ആപ്പിൾ എയർ ടാഗ്. ഐ ഒ എസ് 13 ന്‍റെ ഫൈൻഡ് മൈ ( Find My ) ആപ്പുമായി കണക്ട് ചെയ്താണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഫൈൻഡ് മൈ ഐ ഫോൺ, ഫൈൻഡ് മൈ ഫ്രണ്ട്‌സ് എന്നീ ആപ്പുകളെ ഒരുമിപ്പിച്ചാണ് ആപ്പിൾ എയർടാഗ് വർക്ക് ചെയ്യുന്നത്. ഓഗ്‌മെന്റഡ് റിയാലിറ്റിയാണ് ഇതിന്‍റെ പ്രത്യേകത. ഐ ഒ എസ് 13 ന്‍റെ ബീറ്റാ പതിപ്പിൽ ഒരു ചുവന്ന നിറത്തിലുള്ള 3 ഡി ബലൂൺ ഉണ്ടാകും. ഇത് ഉപയോഗിച്ച് സ്‌കാൻ ചെയ്താൽ നഷ്ടപ്പെട്ട വസ്തു അടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്താനാകും. വൃത്താകൃതിയിലുള്ള ചെറിയ ഉപകരണമാണിത്. മാറി ഇടാവുന്ന ബാറ്ററികളാണ് ഇതിൽ ഉപയോഗിക്കുന്നത്.