IndiaNEWS

ബഫർ സോൺ വിധി വലിയ പ്രത്യാഘാതമുണ്ടാക്കും; പുന:പരിശോധന ഹർജി ഫയൽ ചെയ്തു കേരളം

ദില്ലി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം ഹര്‍ജിയില്‍ പറയുന്നു.

സംസ്ഥാനത്തിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേനയാണ് ഈ ഹര്‍ജിയിപ്പോള്‍ സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫര്‍സോണ്‍ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിധി നടപ്പാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും കേരളം പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ കൊച്ചിയിലുള്ള മംഗളവനത്തിനു സമീപമുള്ള ഹൈക്കോടതിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാർ, നെയ്യാർ ,റാന്നി അടക്കം സ്ഥലങ്ങളിലെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളത്. വിധി നടപ്പാക്കുന്നത് ആദിവാസി സെറ്റിൽമെൻ്റുകളെ അടക്കം ബാധിക്കുമെന്നും ഹര്‍ജിയില്‍ കേരളം വാദിക്കുന്നു. 106 പേജുകളുള്ളതാണ് ഹര്‍ജി.

Back to top button
error: