തിരുവല്ല: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഡ്രൈവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്.
തിരുവല്ല പടിഞ്ഞാറേ വെണ്‍പാല പുത്തന്‍തുണ്ടിയില്‍ വീട്ടില്‍ രാജനാ(63)ണ് കഴിഞ്ഞ ദിവസം മരിച്ചത്. 14 നു രാത്രി 12 നായിരുന്നു സംഭവം. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട രാജനെ രാത്രി പതിനൊന്നരയോടെ ബന്ധുക്കള്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു ഡ്യൂട്ടി ഡോക്ടര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി സിലിണ്ടര്‍ കാലിയായി ഓക്‌സിജന്‍ ലഭിക്കാതെ രാജന്‍ മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിച്ചിരുന്നെങ്കിലും വാഹനം പുറപ്പെട്ടു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ രാജനു ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നു രാജന്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഗിരീഷിനോടു പറഞ്ഞു. ഇക്കാര്യം ബന്ധുക്കള്‍ ആംബുലന്‍സ് ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിര്‍ത്താന്‍ ഇയാള്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തകഴിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും രാജന്റെ ജീവന്‍ നഷ്ടമായിരുന്നു. സംഭവത്തില്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു.