KeralaNEWS

ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന അധിക്ഷേപം ക്രൂരത, മറ്റ് സ്ത്രീകളുമായി ഉപമിക്കുന്നത് വിവാഹമോചനത്തിന് തക്കതായ കാരണം: ഹൈക്കോടതി

കൊച്ചി: ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നതും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും വിവാഹമോചനത്തിന് തക്കതായ കാരണമാണെന്ന് ഹൈക്കോടതി. ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരതയാണ്.

ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്തു നടത്തുന്ന അധിക്ഷേപവും ക്രൂരതയാണ്. ക്രൂരതയെന്നാല്‍ ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരം അധിക്ഷേപം വളരെ കാഠിന്യമേറിയതും ഗൗരവതരവുമാണ്. അതിനാല്‍ വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.

ഭര്‍ത്താവ് തന്നെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്ത് താഴ്ത്തിപ്പറയുന്നത് പതിവാണെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിരുന്നു.

2019 ല്‍ വിവാഹിതയായ യുവതി വിവാഹശേഷം പത്തു മാസത്തിനകമാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. യുവതിയുടെ ആരോപണങ്ങള്‍ ശരിവച്ച് കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഇതിനെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Back to top button
error: