IndiaNEWS

തലാഖും മുത്തലാഖും ഒരുപോലെയല്ലെന്ന് സുപ്രീം കോടതി, സ്ത്രീകള്‍ക്ക് ‘ഖുല’യിലൂടെ വിവാഹമോചനം നേടാമെന്നും കോടതി

ന്യൂഡല്‍ഹി: തലാഖി(തലാഖ്-ഇ-ഹസന്‍)ലൂടെ വിവാഹ മോചനം നടത്തുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്നു സുപ്രീം കോടതി.

തലാഖും മുത്തലാഖും ഒരുപോലെയല്ല. തലാഖ്-ഇ-ഹസന്‍ പ്രകാരം മാസത്തിലൊന്നെന്ന നിലയില്‍ മൂന്നു മാസം കൂടുമ്പോള്‍ മൂന്നു തവണ തലാഖ് നല്‍കിയാണു വിവാഹമോചനമുണ്ടാകുന്നത്. രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ചു ജീവിക്കാനാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കാം. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരം കോടതി വിവാഹമോചനം നല്‍കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Signature-ad

പുരുഷന്മാര്‍ തലാഖിലൂടെ വിവാഹ മോചനം നടത്തുന്നതു പോലെ സ്ത്രീകള്‍ക്ക് ‘ഖുല’യിലൂടെ വിവാഹ മോചനം നേടാമെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

തലാഖിന്റെ ഇരയാണു താനെന്നും തലാഖിലൂടെ വിവാഹമോചനം നടത്തുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ബേനസീര്‍ ഹീന നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ പരാമര്‍ശങ്ങള്‍.

വിവാഹമോചനത്തിനു പൊതുവായ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഹീന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച കോടതി തലാഖ്-ഇ-ഹസന്റെ കാര്യത്തില്‍ തീരുമാനമറിയിച്ചിട്ടില്ലെന്നു ഹീനയുടെ അഭിഭാഷക പറഞ്ഞു. വിശദവാദത്തിനായി കോടതി കേസ് ഈ മാസം 29ലേക്കു മാറ്റി.

Back to top button
error: