KeralaNEWS

സോളാര്‍ പീഡനക്കേസ്: കെ.സി. വേണുഗോപാല്‍ എം.പിയെ സി.ബി.ഐ. ചോദ്യംചെയതു

ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയെ സി.ബി.ഐ. ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍.

2012 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ വസതിയില്‍വെച്ച് പരാതിക്കാരിയെ കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരത്തുവെച്ചാണ് ആദ്യം ചോദ്യംചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. ഇരയുടെ പരാതിയില്‍ മൂന്ന് തവണ കെ.സി വേണുഗോപാലിനെ മുമ്പ് ചോദ്യംചെയ്തിരുന്നു. പിന്നീട് ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യംചെയ്യല്‍.

ഏതാണ്ട് എട്ട് മാസത്തോളമായി കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ട്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസ് കഴിഞ്ഞ പിണറായി സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.

സോളാര്‍ പീഡനക്കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇതില്‍ ഹൈബി ഈഡന്‍ എംപിക്കെതിരായ ആദ്യ കേസ് കഴിഞ്ഞ ദിവസം സിബിഐ തെളിവുകളില്ലാത്തതിനാല്‍ എഴുതിത്തള്ളി.

സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ തെളിവില്ലെന്നുകാട്ടി ഹൈബി ഈഡന്‍ എംപിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. പരാതിക്കാരിയെ കൂട്ടി എംഎല്‍എ ഹോസ്റ്റലിലെ നിളാ ബ്ലോക്കില്‍ 32 ാം മുറിയില്‍ സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകും വിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നല്‍കാനായില്ലെന്നുമാണ് സിബിഐ സംഘം കോടതിയില്‍ കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോണ്‍ഗ്രസ് വാദിച്ചത്. കേസ് സിബിഐക്ക് വിട്ടതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.

 

Back to top button
error: