KeralaNEWS

കേരളത്തില്‍നിന്ന് പണം വാരാന്‍ പതിനെട്ടടവും പയറ്റി നാഗാലാന്‍ഡ്; ഇതരസംസ്ഥാന ലോട്ടറിയില്‍ കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

കൊച്ചി: കേരളത്തില്‍ തങ്ങളുടെ ലോട്ടറിയുടെ വില്‍പ്പന ഏതുവിധേനയും പുനരാരംഭിക്കാനുള്ള നാഗാലാന്‍ഡ് സര്‍ക്കാരിന്റെ നടപടികള്‍ തുടരുന്നു. ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിച്ച കേരള സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചതോടെ സുപ്രീം കോടതിയില്‍ നാഗാലാന്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തിന് നോട്ടീസ്.

എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ മൂന്നാ്ചത്തെ സമയം അനുവദിച്ചാണ് കേരളസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറികളുടെ വില്‍പന തടഞ്ഞ കേരള സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്ത വാദിച്ചു.

രണ്ട് സംസ്ഥാനങ്ങളും നടത്തുന്നത് വ്യാപാരമാണെന്നും ഇതിനിടയില്‍ ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിനെ വ്യാപാരത്തില്‍ നിന്ന് വിലക്കുന്നത് നിയമപരമല്ലെന്നും നാഗാലാന്‍ഡ് വാദിച്ചു. ഒരു സര്‍ക്കാരിന് അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാം പക്ഷേ വിലക്കാനാകില്ലെന്നും നാഗാലാന്‍ഡ് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി ഏജന്റ് പല വിധ ക്രമക്കേടുകളും വ്യാപാരത്തില്‍ നടത്തിയിട്ടുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചു. ഇത്തരം നടപടികള്‍ കണ്ടെത്തിയാല്‍ സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് കേന്ദ്രം അനുമതി നല്‍കിട്ടുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ലോട്ടറി നിയമ ചട്ടം അഞ്ച് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് നീരിക്ഷിച്ച കോടതി, അടുത്ത മാസം 29ന് കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് അറിയിച്ചു.

ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ പ്രവര്‍ത്തനം തടയാന്‍ 2018 ലാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്. തുടര്‍ന്ന് ഇതിനെതിരേ നാഗാലാന്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. തുടര്‍ന്ന് അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് ഡിവിഷന്‍ വിധിക്കുകയായിരുന്നു. ഇതിനെതിരേയാണ് നാഗാലാന്‍ഡ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Back to top button
error: