IndiaLIFE

ആധാറില്ലാതെ ഇനി ആനുകൂല്യങ്ങളും സബ്‌സിഡിയുമില്ല; സര്‍ക്കുലര്‍ പുറത്തിറക്കി അതോറിറ്റി

ദില്ലി: സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ആധാര്‍ നമ്പറോ, അതിന്റെ എന്റോള്‍മെന്റ് സ്ലിപ്പോ നിര്‍ബന്ധമാക്കി. ഓഗസ്റ്റ് 11ന് യുഐഡിഎഐ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും യു.ഐ.ഡി.എ.ഐ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു.

‘സാമൂഹിക ക്ഷേമ പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുന്നതിന് ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ആവശ്യമായി വന്നേക്കാം. അതിനാല്‍, അത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗുണഭോക്താക്കളോട് ആധാര്‍ നമ്പറുകള്‍ നല്‍കാനും വിഐഡി ഓപ്ഷണല്‍ ആക്കാനും ആവശ്യപ്പെടാം,” -യുഐഡിഎഐ സര്‍ക്കുലറില്‍ പറയുന്നു.

Signature-ad

കൂടാതെ, ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിനായുള്ള വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ആധാറോ ആധാര്‍ എന്റോള്‍മെന്റ് നമ്പറോ ആവശ്യമായേക്കാമെന്നും യുഐഡിഎഐ സൂചിപ്പിച്ചു. ആധാര്‍ നമ്പറിനൊപ്പം മാപ്പ് ചെയ്തിരിക്കുന്ന താല്‍കാലികവും പിന്‍വലിക്കാവുന്നതുമായ 16 അക്ക നമ്പറാണ് വിഐഡി. ഇ-കെവൈസി സേവനത്തിന് ആധാര്‍ നമ്പറിന് പകരം ഇത് ഉപയോഗിക്കാം.

രാജ്യത്തെ 99 ശതമാനത്തിലധികം പൗരന്മാര്‍ക്കും ഇപ്പോള്‍ സ്വന്തം ആധാര്‍ നമ്പര്‍ ഉണ്ട്. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം, ആധാര്‍ നമ്പര്‍ നല്‍കാത്ത വ്യക്തിക്ക് ”സബ്സിഡിയോ ആനുകൂല്യമോ സേവനമോ നല്‍കുന്നതിന് ഇതര മാര്‍ഗങ്ങള്‍ നല്‍കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ വ്യക്തിക്ക് എന്റോള്‍മെന്റിനായി ഒരു അപേക്ഷ നല്‍കാമെന്നും ആധാര്‍ നമ്പര്‍ ഇഷ്യു ചെയ്യുന്നതുവരെ ഇതരവും പ്രായോഗികവുമായ തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ ആനുകൂല്യങ്ങളും സബ്സിഡിയും സേവനങ്ങളും നേടാമെന്നും പുതിയ സര്‍ക്കുലര്‍ പറയുന്നു.

സേവനങ്ങളും ആനുകൂല്യങ്ങളും ഇടനിലക്കാര്‍ ഇല്ലാതെ ഉപയോക്താക്കള്‍ക്കു നേരിട്ടു കൈമാറാന്‍ യു.ഐ.ഡി.എ.ഐ നിര്‍ദേശിക്കുന്നു. ക്ഷേമസേവനങ്ങള്‍ സ്വീകരിക്കുന്നതിലെ ഗുണനിലവാരം ആധാര്‍ മെച്ചപ്പെടുത്തിയെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Back to top button
error: