കാസര്‍ഗോഡ്: സംസ്ഥാനത്തെ റോഡുകളിലെ കുഴികളെച്ചൊല്ലിയാരംഭിച്ച പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. പ്രതിപക്ഷ നേതാവിനെതിരേ രൂക്ഷ വിമര്‍നവുമായി മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും രംഗത്തെത്തി.
എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ സ്ഥിതിയാണ് പ്രതിപക്ഷ നേതാവിന്റേതെന്നു റിയാസ് വിമര്‍ശിച്ചു. കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്നാണ് സതീശന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിനെ ഇപ്പോള്‍ ബാധിക്കുന്ന പക്വത കുറവിന്റെ പ്രശ്നം പരിചയക്കുറവാണോയെന്ന് പറയണം. കരുണാകരനും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള പരിചയസമ്പത്ത് തനിക്കില്ലാത്തതാണോ സതീശനെ അലട്ടുന്ന പ്രശ്നം. തന്റെ പ്രശ്‌നം മറ്റുള്ളവരുടെ തലയില്‍ വെച്ചു കെട്ടരുത്. അത്തരത്തിലുള്ള രീതി അദ്ദേഹം പിന്‍വലിക്കണം.
21 വര്‍ഷം എംഎല്‍എ ആയിരുന്നത് മാത്രമാണോ ഒരു പൊതുപ്രവര്‍ത്തകന്റെ അനുഭവം. കേരളത്തിലെ ഏത് പാര്‍ട്ടി എടുത്താലും അതിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ഒരു ജനപ്രതിനിധി പോലും ആകാത്തവരാണ്. ഇവര്‍ക്കൊന്നും അനുഭവമില്ലെന്നാണോ സതീശന്‍ പറയുന്നത്. പ്രതിപക്ഷ നേതാവിന് എപ്പോഴും കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് അദ്ദേഹം മനസ്സിലാക്കണം. മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന പരിചയക്കുറവ് അലട്ടുന്നുണ്ടെങ്കില്‍ അത് വേറെ ആരുടെയെങ്കിലും പിരടിക്ക് വെക്കാന്‍ നോക്കരുത്. ക്രിയാമത്മക വിമര്‍ശം ആര് ഉന്നയിച്ചാലും അത് സ്വീകരിക്കും.
ഒരാളേയും അനാവശ്യമായി കുതിര കയറുന്നവരല്ല ഞങ്ങളാരും. കുതിര കയറാന്‍ വേണ്ടിനിന്നു കൊടുക്കുന്നവരുമല്ല. എല്ലാവര്‍ക്കും വ്യക്തിത്വമുണ്ട്. ഒരാളെ ആകെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍, ഞാനാണ് ലോകത്ത് ഏറ്റവും വിവരമുള്ളവനെന്ന് പറഞ്ഞ് മറ്റുള്ളവരെ അധിക്ഷേപിച്ചാല്‍ അത് ചൂണ്ടിക്കാട്ടും. ബിജെപിയുടെ കുത്തക സീറ്റ് അട്ടിമറിച്ച് വിജയിച്ചതിനാണോ വി. ശിവന്‍ കുട്ടിയോട് അദ്ദേഹത്തിന് പുച്ഛമെന്ന് പറയണം.
ഒരു മന്ത്രി ആയത് കൊണ്ട് രാഷ്ട്രീയ നിലപാട് പറയാതിരിക്കില്ല. അതിന് പ്രതിപക്ഷ നേതാവിനോട് അനുമതി ചോദിക്കേണ്ടതില്ല. പാലാക്കാട്ടെ കൊലപാതകത്തെ പറ്റി പറയുമ്പോള്‍ സിപിഎമ്മുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് പരസ്യ പ്രസ്താവന നടത്തുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും റിയാസ് കാസര്‍ഗോഡ് പറഞ്ഞു.