KeralaNEWS

തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കഞ്ചാവ് ഇടപാടുകാരായ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കേരളത്തെ ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്.

രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. ഇതിനുശേഷം സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു.

അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തന്നെ കൂട്ട ബലാത്സംഗം ചെയ്തത് എന്നാണ് കുട്ടിയുടെ മൊഴി. തുടര്‍ന്ന് അധ്യാപികയാണ് പോലീസില്‍ വിവരം അറിയിച്ചത്. പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇടയ്ക്കിടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേര്‍ക്കായി ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

 

കഞ്ചാവ് ഇടപാടുമായി ഇവര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികള്‍ കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നും പെണ്‍കുട്ടിയെ ഇവര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായുമാണ് പുറത്തുവരുന്നത്. സംഭവം മറച്ചുവയ്ക്കാനുള്ള നീക്കമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പോലീസ് പറയുന്നു. കൂടുതല്‍ പേര്‍ പ്രതികളായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Back to top button
error: