NEWS

നാളെ ചിങ്ങം ഒന്ന്

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പൊന്നിന്‍ ചിങ്ങം കൂടി പിറക്കുന്നു.
 തിരിമുറിയാതെ മഴപെയ്തിരുന്ന കള്ളകര്‍ക്കടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം.കാലവും, കാലാവസ്ഥയും മാറിയെങ്കിലും
പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ

വരവേല്‍ക്കാനൊരുങ്ങുകയാണ് ഇത്തവണയും മലയാളികള്‍.
കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും.
 മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍‍‍ക്കതിരുകൾ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം.

കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം.സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുത്ത് മറ്റുള്ളവരുടെ വിശപ്പകറ്റുന്നവരാണ് കര്‍ഷകര്‍.. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു …

Back to top button
error: