NEWSWorld

”ഇപ്പോഴാണ് ശ്വാസം നേരേ വീണത് ”; സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ട സന്തോഷം പങ്കുവച്ച് മുന്‍ ഭാര്യ പത്മ ലക്ഷ്മി

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ സന്തോഷം പങ്കുവച്ച് മുന്‍ ഭാര്യ പത്മ ലക്ഷ്മി.

റുഷ്ദിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും ഒടുവില്‍ ആശങ്കകള്‍ നീങ്ങുകയായി എന്നും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്നും പദ്മ ലക്ഷ്മി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും മോഡലും ടി.വി അവതാരകയുമാണ് പത്മ ലക്ഷ്മി. 2004 ലായിരുന്നു സല്‍മാന്‍ റുഷ്ദിയും പത്മ ലക്ഷ്മിയും വിവാഹിതരായത്. 2007 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രണത്തില്‍ റുഷ്ദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായി കുടുംബം സ്ഥിരീകരിച്ചു. റുഷ്ദി സംസാരശേഷി വീണ്ടെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി വ്യക്തമാക്കി. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

അതേസമയം, റുഷ്ദിക്കെതിരായ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അപലപിച്ചു. എഴുത്തുകാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബൈഡന്‍ ശനിയാഴ്ച വൈറ്റ് ഹൗസില്‍നിന്നും പ്രസ്താവന പുറത്തിറക്കി. ഈ സംഭവം എന്നെയും പ്രഥമ വനിത ജില്‍ ബൈഡനെയും ഞെട്ടിച്ചുവെന്നും ബൈഡന്‍ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിനുശേഷം അക്രമിയെ പെട്ടെന്ന് കീഴടക്കിയവരെയും ഒട്ടും വൈകാതെ റുഷ്ദിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ ഫസ്റ്റ് റസ്പൊണ്ടേഴ്സിനെയും ബൈഡന്‍ അഭിനന്ദിച്ചു.

 

Back to top button
error: