IndiaNEWS

ശ്രീനഗർ ഏറ്റുമുട്ടൽ; വെടിയേറ്റ് ചികിത്സയിലായിരുന്നു പൊലീസുകാരന് വീരമൃത്യു

ദില്ലി: ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു. ഇന്നലെ രാത്രിയിൽ നടന്ന ഏറ്റമുട്ടലിലാണ് കോൺസ്റ്റബിൾ സർഫറാസ് അഹമ്മദിന് വെടിയേറ്റത്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്.

ശ്രീനഗറിൽ കഴിഞ്ഞ ദിവസം സുരക്ഷ സേനയ്ക്ക് നേരെയുണ്ടായ ഗ്രേനേഡ് ആക്രമണത്തില്‍ സിആർപിഎഫ് ജവാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പുൽവാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടല്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിക്കുകയും ചെയ്തിരുന്നു. ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്. പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദ് തോക്കറിനെ വധിച്ചയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.

രജൗരിയിൽ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്ന് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരര്‍ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.

ഇതോടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ സൈനികരായ സുബൈദാർ രാജേന്ദ്രപ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, ലക്ഷ്മണൻ ഡി, നിഷാന്ത് കുമാ‍ർ എന്നിവർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.

Back to top button
error: