KeralaNEWS

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ സിപിഎം: ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കും

തിരുവനന്തപുരം: സര്‍ക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയാണ് അദ്യഘട്ടത്തില്‍ മുന്നോട്ട് പോകുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഉചിതരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും സിപിഎം നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പാതി പിന്നിടുമ്പോള്‍ അന്നുണ്ടായ കൂട്ട തോല്‍വി മുതല്‍ ഏറ്റവും ഒടുവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വരെയുള്ള പാഠങ്ങള്‍ സിപിഎമ്മിന് മുന്നിലുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് താഴേത്തട്ട് മുതള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇതിന്റെ ആദ്യപടിയായി പതിനാല് ജില്ലകളുടേയും ചുമതല 14 മന്ത്രിമാരെ ഏല്‍പിക്കും. ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന സമിതി അംഗങ്ങളെ ഏല്‍പ്പിക്കും.

ഏകോപനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുണ്ടാകും. സര്‍ക്കാര്‍ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനും വികസന ക്ഷേമ പദ്ധതികള്‍ സമയബന്ധിതമാക്കാനും അത് വഴി ജനകീയ ഇടപടലുകളുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് തിരക്കിട്ട നീക്കം. കഴിഞ്ഞ തവണ തോറ്റ മണ്ഡലങ്ങളില്‍ വിജയ സാധ്യതയുളള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകാനും തീരുമാനമായിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അഴിച്ചു പണി ആവശ്യമായ ഇടങ്ങളില്‍ ഉടനടി സംഘടനാ പോരായ്മകള്‍ പരിഹരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനാവൂര്‍ നാഗപ്പന് പകരം തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തും. ഈ സാഹചര്യത്തില്‍ 20- ന് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റും 21ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും നിര്‍ണായകമാണ്.

Back to top button
error: