കോഴിക്കോട്: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെ.ടി.ജലീല്‍ എം.എല്‍.എ. തന്റെ പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ നാടിന്റെ നന്‍മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നു എന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കശമീര്‍യാത്രയുമായി ബന്ധപ്പെട്ട് പങ്കുവച്ച പോസ്റ്റില്‍ പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദം. ‘ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍. പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു’ എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരേ വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു.
മന്ത്രി നടത്തിയത് രാജ്യദ്രോഹപരമായ പരാമര്‍ശമാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ജലീലിനെ വിമര്‍ശിച്ച് രംഗത്തെത്തി. ജലീലിന്റെ പരാമര്‍ശങ്ങളെ മന്ത്രിമാരായ പി.രാജീവും എം.വി.ഗോവിന്ദനും പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരെ ദില്ലി പൊലീസില്‍ പരാതിയും എത്തി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്.
അഭിഭാഷകന്‍ ജി.എസ്.മണിയാണ് പരാതി നല്‍കിയത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ പരാമര്‍ശത്തെ ന്യായീകരിച്ച് വിശദീകരണവുമായി ജലീല്‍ രംഗത്തെത്തിയിരുന്നു. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെ.ടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇതിനു ശേഷവും വിമര്‍ശനം തുടര്‍ന്നതോടെയാണ് ഇപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.
വിവാദ പോസ്റ്റ് പിന്‍വലിച്ചുകൊണ്ടുള്ള കെ.ടി.ജലീലിന്റെ വിശദീകരണം
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം (ആസാദി കാ അമൃത് മഹോല്‍സവ്) നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.
നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.
ജയ് ഹിന്ദ്.