KeralaNEWS

കോടികള്‍ ധൂര്‍ത്തടിച്ച ‘പടവലങ്ങാ പന്തല്‍’ കോട്ടയത്തിന് ബാധ്യത; ആവശ്യമില്ലെങ്കില്‍ പൊളിച്ച് കളഞ്ഞൂടെയെന്ന് ഹൈക്കോടതി: സര്‍ക്കാരിന്റെ വിശദീകരണം തേടി

കോട്ടയം: കോട്ടയം നഗരത്തിന് ബാധ്യതയായി മാറിയ ആകാശപ്പാതയുടെ ഭാവി ഇനി സര്‍ക്കാരിന്റെ കൈയില്‍. പാതിവഴിയില്‍ നിര്‍മാണം നിലച്ച ആകാശപ്പാത ജനങ്ങള്‍ക്ക് ഭീഷണിയാണെന്നുകാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ആവശ്യമില്ലെങ്കില്‍ ആകാശപ്പാത പൊളിച്ചുകളഞ്ഞുകൂടേയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ സ്ഥിതിചെയ്യുന്ന ആകാശപ്പാതയുടെ തൂണുകളും കമ്പികളും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നുകാണിച്ച് എ.കെ. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം പരിഗണിക്കാനായി ഹര്‍ജി മാറ്റി.

ആകാശപ്പാതയുടെ തൂണുകള്‍ തുരുമ്പെടുത്തുതുടങ്ങിയെന്നും പണി പൂര്‍ത്തീകരിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞമാസം ഹര്‍ജിക്കാരന്‍ സര്‍ക്കാരിന് പരാതി നല്കിയിരുന്നു. മുകളിലേക്ക് കയറാനുള്ള പടികള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഇവിടെയില്ലാത്തതിനാലാണ് പണി നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മറുപടി നല്കി. ഇതോടെയാണ്, ആകാശപ്പാത പൊളിച്ചുകളയണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനസര്‍ക്കാരിനെയും ജില്ലാ കലക്ടറെയും റോഡ് സേഫ്റ്റി അതോറിറ്റിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്കിയത്.

കോട്ടയം നഗരത്തിനു നടുവിലുണ്ടായിരുന്ന മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കിയാണ് 2016ല്‍ ആകാശപ്പാതയ്ക്കായി നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. ആറ് കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതില്‍ രണ്ട് കോടി രൂപ കിറ്റ്‌കോ കൈപ്പറ്റുകയും ചെയ്തു. ആകാശപ്പാതയ്ക്കായി ഇരുമ്പ് തൂണുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചതല്ലാതെ ജോലികള്‍ മുന്നോട്ടുപോയില്ല. ഇതിനിടെ സ്ഥാപിച്ച തൂണുകളിലൊന്ന് പണിതുവന്നപ്പോള്‍ റൗണ്ടിന് പുറത്താകുകയും ചെയ്തു. അശാസ്ത്രീയ നിര്‍മാണംകൂടി ആയതോടെ പാത നഗരത്തിലെ അധികപ്പറ്റായി മാറുകയായിരുന്നു.

അശാസ്ത്രീയമായ രൂപരേഖയും ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണം ആരംഭിച്ചതും പദ്ധതിയുടെ പരാജയത്തിലേക്ക് വഴിവച്ചതോടെ ആകാശപ്പാത ട്രോളന്മാരുടെ പടവലങ്ങാ പന്തലായി മാറി. പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുമ്പിലും ബേക്കര്‍ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിള്‍ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സ്ഥലം കിട്ടിയിരുന്നില്ല. ഇതും തിരിച്ചടിയാകുകയായിരുന്നു. നിര്‍മാണം മുടങ്ങിയതോടെ തൂണുകള്‍ തുരുമ്പെടുക്കാന്‍ ആരംഭിച്ചു. തൂണുകള്‍ പൊളിച്ചുമാറ്റി പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിലേക്കാണ് സാധ്യതകള്‍ വിരല്‍ചൂണ്ടുന്നത്.

Back to top button
error: