KeralaNEWS

മഴമാറിയ പിന്നാലെ ഇടുക്കിയില്‍ ഖനനത്തിന് അനുമതി; രാത്രിയാത്ര പാടില്ല, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും പിന്‍വലിച്ചു

ഇടുക്കി: മഴ ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ ഖനനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. മഴ കുറഞ്ഞത് കണക്കിലെടുത്ത് വിനോദസഞ്ചാരത്തിനും ബോട്ടിംഗ് ഉള്‍പ്പെടെയുള്ളവയ്ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്‍വലിച്ചു. അതേസമയം രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. നേരത്തെ ജില്ലയില്‍ മഴ കനത്തതോടെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

പെരിയാര്‍ തീരവാസികള്‍ക്ക് ആശ്വസമായി ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. രണ്ട് ഡാമുകളില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. മുല്ലപ്പെരിയാറില്‍ ഏഴു ഷട്ടറുകളും ഇടുക്കിയില്‍ രണ്ടു ഷട്ടറുകളും അടച്ചു. 2386.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.60 അടിയായി.

ചൊവ്വാഴ്ച ഇടുക്കിയില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ മൂന്നര ലക്ഷം ലിറ്ററാക്കി ഉയത്തിയിരുന്നു. എന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും വൃഷ്ടി പ്രദേശത്ത് മഴ കുറയുകയും ചെയ്തതോടെ രാവിലെ മുതല്‍ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഒന്‍പതരയോടെ അഞ്ചു ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു.

അതേസമയം പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടും തടിയമ്പാട് ചപ്പാത്തിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിട്ടില്ല. അതിനാല്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിയാല്‍ മുഴുവന്‍ ഷട്ടറുകളും അടച്ചേക്കും. വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയതോടെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ക്യാമ്പുകളിലുണ്ടായിരുന്നവര്‍ തിരികെയെത്തി.

 

Back to top button
error: