NEWS

പൊളിക്കേണ്ട, ബലപ്പെടുത്തിയാല്‍ മതി; 70 കോടിയുടെ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയത്തില്‍ ഐഐടി സംഘം റിപ്പോര്‍ട്ട് നല്‍കി; ചെലവ് കെടിഡിഎഫ്‌സി വഹിക്കുമെന്ന് മന്ത്രി ആന്റണി രാജു

കോഴിക്കോട്: 70 കോടി ചെലവിട്ട്‌ നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്കകം തന്നെ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ബലക്ഷയം കണ്ടെത്തിയ സംഭവത്തില്‍ ചെന്നൈ ഐഐടി സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കി. കെട്ടിടത്തിന്റെ ഭൂരിഭാഗം തൂണുകള്‍ക്കും ബലക്കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

തൂണുകള്‍ക്കാണ് പ്രധാനമായും ബലക്ഷയമുളളത്. ഏഴ് നിലകളിലായുളള കെട്ടിടത്തിന്റെ ഭാരം താങ്ങാന്‍ കഴിയുന്ന വിധത്തില്‍ കമ്പിയും സിമന്റും ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഐഐടി സംഘത്തിനുളളത്. ഇത് വ്യക്തമാകണമെങ്കില്‍ ഭൂമിക്കടിയില്‍ നടത്തിയ പൈലിങ് പരിശോധിക്കണം. വേണ്ടത്ര ഉറപ്പില്ലെങ്കില്‍ കോണ്‍ക്രീറ്റ് നിറച്ച് ബലപ്പെടുത്തേണ്ടി വരും. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു.

Signature-ad

ടെര്‍മിനല്‍ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് ഐഐടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് സിഎംഡി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘം അറിയിച്ചെന്നും മന്ത്രി പറഞ്ഞു. നിര്‍മാണത്തിന് ചെലവായതിന്റെ പകുതിയിലധികം തുക അറ്റകുറ്റപ്പണിക്ക് ആവശ്യമായി വന്നാലേ കെട്ടിടം പൊളിക്കേണ്ട സാഹചര്യമുള്ളൂ. എന്നാല്‍ നിലവിലെ ടെര്‍മിനല്‍ ബലപ്പെടുത്താന്‍ 25 ശതമാനത്തില്‍ താഴെയേ ചെലവ് വരൂ. ടെര്‍മിനല്‍ ബലപ്പെടുത്താനുളള പ്രവൃത്തികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ബസ് സ്റ്റാന്റ് മാറ്റാതെയാകും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക. ഇതിനാവശ്യമായ ചെലവ് കെടിഡിഎഫ്‌സി വഹിക്കും.

ചെന്നൈ ഐഐടി സംഘത്തിന്റെ മേല്‍നോട്ടത്തിലാകും അറ്റകുറ്റപ്പണികള്‍. ഇതിന് എത്ര തുക വേണ്ടി വരുമെന്നതടക്കമുളള റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സംഘം സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് ഇത്തരം പ്രവൃത്തികള്‍ ചെയ്ത് പരിചയമുളള എംപാനല്‍ ചെയ്ത കന്പനികളുടെ പട്ടിക തയ്യാറാക്കി കെടിഡിഎഫ്‌സി ടെന്‍ഡറിലൂടെയാകും കമ്പനിയെ തെരഞ്ഞെടുക്കുക. കരാര്‍ കമ്പനിയുടെ വീഴ്ചയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Back to top button
error: