IndiaNEWS

ജസ്റ്റിസ് യു.യു. ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ദില്ലി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഇന്ന് വൈകിട്ട് നിയമന ഉത്തരവ് പുറത്തിറക്കി. ഈ മാസം 27നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഓഗസ്റ്റ് 26ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് യു.യു. ലളിത്.

സുപ്രീംകോടതി ജഡ്ജിയായി ബാറില്‍നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു. ലളിത്. ജസ്റ്റിസ് എസ്.എം. സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.

ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്‌വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാര്‍ശ കൈമാറിയത്. നിയമ മന്ത്രാലയം ഈ ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിക്കുകയും അംഗീകാരം ലഭിക്കുകയുമായിരുന്നു.

1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ല്‍ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. അതിനു മുമ്പ് 2 ജി സ്‌പെക്ട്രം കേസില്‍ സിബിഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി യു.യു. ലളിത് ഹാജരായിരുന്നു.

 

Back to top button
error: