തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
ഗവര്‍ണറുടെ കടുംപിടുത്തത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ഇന്ന് രാവിലെ തന്നെ തീരുമാനിച്ചിരുന്നു. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കാന്‍ നീക്കം തുടങ്ങിയത്.
ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമാണ് വൈകിട്ട് ഗവര്‍ണര്‍ അംഗീകരിച്ചത്.
ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചു നല്‍കി.