KeralaNEWS

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐയുടെ കുറ്റപത്രം തള്ളി; കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ്

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. കേസ് സിബിഐ തന്നെ വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. നേരത്തെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇല്ല.

പെണ്‍കുട്ടികളുടേത് ആത്മഹത്യതന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മരണത്തിന് മറ്റൊരു കാരണവും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്. സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും സത്യസന്ധമായ അന്വേഷണം പുതിയ സംഘം നടത്തണമെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.

നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും കണ്ടെത്തിയത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളിയത്. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.

എന്നാല്‍ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവര്‍ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധുവും , പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പ്രതികളാണ്.

തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബലാല്‍സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.

Back to top button
error: