തിരുവനന്തപുരം :തീരദേശ ഹൈവേയ്ക്കായി 9 ജില്ലകളിൽ സ്ഥലമെടുപ്പ് ആരംഭിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കല്ലിടല്‍ പുരോഗമിക്കുകയാണ്.മലപ്പുറത്തും കാസര്‍കോട്ടും കല്ലിടല്‍ കരാറിന് ടെന്‍ഡറായി. സ്ഥലം ഏറ്റെടുക്കേണ്ട 24 റീച്ചില്‍ മൂന്നിടത്ത് കല്ലിടല്‍ പൂര്‍ത്തിയായി. 19 ഇടത്ത് പുരോഗമിക്കുന്നു.
49 റീച്ചില്‍ 623.15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തീരദേശ ഹൈവേ പൂര്‍ത്തിയാകുക. ഇതില്‍ 45 കിലോമീറ്റര്‍ ദേശീയപാത 66ന്റെ ഭാഗമാണ്. 540.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഒരുവശത്ത് രണ്ടര മീറ്ററില്‍ സൈക്കിള്‍ ട്രാക്കും ഏഴു മീറ്ററില്‍ വാഹന പാത, നടപ്പാത, ബസ് വേകള്‍ ഉള്‍പ്പെടെ 14 മുതല്‍ 15.6 മീറ്റര്‍വരെ വീതിയില്‍ സംയോജിത തീര വിശാല പാതയാണ് യാഥാര്‍ഥ്യമാകുന്നത്.
കിഫ്ബി സഹായത്തോടെ 6500 കോടി രൂപ അടങ്കലില്‍ നിര്‍ദിഷ്ട പാത ഒമ്ബത് ജില്ലയിലെ 200 ഗ്രാമപഞ്ചായത്ത്, 11 നഗരസഭ, നാല് കോര്‍പറേഷന്‍ എന്നിവയിലൂടെ കടന്നുപോകും. വിശാലപാതയാകുന്ന തീരപാതകളെ പൂര്‍ണമായും ബന്ധിപ്പിക്കാന്‍ 28 കിലോമീറ്റര്‍ പുതിയ റോഡ്, പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍ എന്നിവയുമുണ്ടാകും.