പുളിക്കീഴ്: സ്‌കൂട്ടര്‍ യാത്രികന്റെ പണവും കല്ലുവച്ച കമ്മലും കൈക്കലാക്കി മുങ്ങിയ കേസില്‍ പ്രതി അറസ്റ്റില്‍. മാലേത്ത് പുത്തന്‍വീട്ടില്‍ പി.ബി. അനീഷ് കുമാര്‍ (36)ആണ് അറസ്റ്റിലായത്. പോലീസുകാരനെന്നു പറഞ്ഞ് സ്‌കൂട്ടര്‍ യാത്രികനായ വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടില്‍ വിജയ(60)നെ തടഞ്ഞു നിര്‍ത്തിയാണ് അനീഷ് പിടിച്ചുപറി നടത്തിയത്.
വിജയന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 5000 രൂപയും വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വര്‍ണ കമ്മലും ഇയാള്‍ കൈക്കലാക്കുകയും തുടര്‍ന്ന് മുങ്ങുകയുമായിരുന്നു. ഞായറാഴ്ച രാവിലെ 10.30ന് വളഞ്ഞവട്ടം ബിവറേജിന് സമീപം അച്ഛന്‍പടി റോഡിലാണ് സംഭവം.
തുടര്‍ന്ന് വിജയന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനീഷിനായി അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പോലീസ് െസെബര്‍ സെല്ലിന്റെ സഹായത്തോടെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇരമല്ലിക്കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ച നടന്നു രണ്ടാം ദിവസം തന്നെ പ്രതിയെ വലയിലാക്കാന്‍ പോലീസിനായി.
ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ അനീഷ് കുറ്റം സമ്മതിച്ചു. തിരുവല്ലയിലെ സ്ഥാപനത്തില്‍ കമ്മല്‍ വിറ്റ് 2100 രൂപ വാങ്ങിയതായും കവര്‍ന്നെടുത്ത പണം പഴ്‌സിലുണ്ടെന്നും സമാന രീതിയില്‍ മുമ്പും കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. തുടര്‍ന്ന് പഴ്‌സില്‍നിന്നു തുക കണ്ടെടുത്തു.
കമ്മല്‍ വിറ്റ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയപ്പോള്‍, അത് ഉരുക്കിയതായി വെളിവായി, പിന്നീട് അത് ബന്തവസിലെടുത്തു. ഇന്‍സ്‌പെക്ടര്‍ ഇ.ഡി. ബിജുവിനൊപ്പം എസ്.ഐ: കവിരാജന്‍, എ.എസ്.ഐ: പ്രകാശ്, പ്രസാദ്, എസ്.സി.പി.ഒമാരായ പ്യാരിലാല്‍, അഖിലേഷ്, പ്രദീപ്, സി.പി.ഒ. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.