KeralaNEWS

ഓണം പടിവാതിലിൽ, പക്ഷേ ഉപ്പ് കപ്പലിൽ, ഉണക്കലരിയും സഞ്ചിയും എത്തിയില്ല; ഓണക്കിറ്റ് വൈകും

ഓണക്കിറ്റ്‌ 17ന്‌ വിതരണം ആരംഭിക്കും എന്നാണ് സപ്ലൈക്കോ അറിയിച്ചിരുന്നത്.  92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ കിറ്റിന്‌ അർഹതയുണ്ടാകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളsങ്ങിയ കിറ്റിൻ്റെ പായ്‌ക്കിങ്‌ ജോലികൾ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു എന്നും വാർത്തകളുണ്ടായിരുന്നു.

പക്ഷേ ഓണക്കിറ്റിലേക്കാവശ്യമായ സാധനങ്ങളിൽ മൂന്നെണ്ണം ഇനിയും എത്തിയില്ല. ഗുജറാത്തിൽനിന്ന് ഉപ്പ് കപ്പലിൽ കയറ്റിയയച്ചിട്ടേയുള്ളൂ. ഉണക്കലരിക്ക് കരാർ കൊടുത്തിട്ടുണ്ടെങ്കിലും കൂടിയ അളവ് ലഭിക്കേണ്ടതിനാൽ എത്തിത്തുടങ്ങിയിട്ടില്ല. കിറ്റിനുള്ള സഞ്ചിയും എത്തുന്നതേയുള്ളൂ. ഈ മൂന്ന് സാധനങ്ങളും എത്താത്തതിനാൽ സപ്ലൈക്കോയ്ക്ക്‌ കിറ്റ് പൂർണമായി തയ്യാറാക്കാനായിട്ടില്ല.

കഴിഞ്ഞവർഷം ഓണം കഴിഞ്ഞും കിറ്റ് വിതരണംചെയ്യേണ്ടിവന്നിരുന്നു. ഇത്തവണ അങ്ങനെയുണ്ടാവരുതെന്ന് സർക്കാരിന്റെ കർശനനിർദേശമുണ്ട്. ഓണത്തിന് ഇനി ഒരു മാസം തികച്ചില്ല. സാധനങ്ങൾ ഉടൻ ലഭ്യമായില്ലെങ്കിൽ ഇത്തവണയും സമയത്തിന് പൂർത്തിയാക്കാനാവില്ല.

കപ്പലിൽ അയച്ച ഉപ്പ് കൊച്ചിയിൽ എത്തിയിട്ടുവേണം എല്ലായിടത്തേക്കും എത്തിക്കാൻ. ഇത് ഘട്ടംഘട്ടമായി മാത്രമേ കൊച്ചിയിൽ എത്തുകയുള്ളൂ. ഉണക്കലരി തൂക്കി അതതിടത്ത് പാക്കുചെയ്യേണ്ടതാണ്. ഇതിനും സമയമെടുക്കും. മുമ്പ് കുടുംബശ്രീയായിരുന്നു കിറ്റിനുള്ള സഞ്ചി നൽകിയിരുന്നത്. ഇത്തവണ പുറത്ത് കരാർ കൊടുത്തിട്ടുണ്ട്. ഇത് പ്രിന്റ് ചെയ്ത് കിട്ടുന്നതേയുള്ളൂ.

സഞ്ചിയുൾപ്പെടെ 14 ഇനങ്ങളുള്ളതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഇതിൽ നാലുസാധനങ്ങളാണ് തൂക്കി പാക്ക് ചെയ്യേണ്ടത്. ചെറുപയർ, പഞ്ചസാര, തുവരപ്പരിപ്പ് എന്നിവയുടെ പാക്കിങ് തീരാറായിട്ടുണ്ട്. സപ്ലൈക്കോ തയ്യാറാക്കിയ കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചാണ് വിതരണം.

സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലെ സാധനങ്ങൾ ഇവയാണ്;

1.കശുവണ്ടിപ്പരിപ്പ് 50 ഗ്രാം

2. മില്‍മ നെയ് 50 മി.ലി

3. ശബരി മുളക്പൊടി 100 ഗ്രാം

4. ശബരി മഞ്ഞള്‍പ്പൊടി 100  ഗ്രാം

5. ഏലയ്ക്ക 20 ഗ്രാം

6. ശബരി വെളിച്ചെണ്ണ 500 മി.ലി

7. ശബരി തേയില 100 ഗ്രാം

8. ശര്‍ക്കരവരട്ടി 100 ഗ്രാം

9. ഉണക്കലരി 500 ഗ്രാം

10. പഞ്ചസാര ഒരു കിലോഗ്രാം

11. ചെറുപയര്‍ 500 ഗ്രാം

12. തുവരപ്പരിപ്പ് 250 ഗ്രാം

13. പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം

14. തുണിസഞ്ചി

Back to top button
error: