KeralaNEWS

ഒറ്റയ്ക്ക് ദീര്‍ഘദൂര യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കായി ‘സിംഗിള്‍ ലേഡി ബുക്കിങ് ‘ സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി.

തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി ‘സിംഗിള്‍ ലേഡി ബുക്കിങ് ‘ സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി. അടുത്തടുത്ത സീറ്റുകള്‍ സ്ത്രീ യാത്രക്കാര്‍ക്കു തന്നെ ലഭിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ മൂന്നു മുതല്‍ ആറു വരെ എണ്ണം സീറ്റുകള്‍ സ്ഥിരമായി സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി അനുവദിച്ചിരുന്നു. എന്നാല്‍ മുന്നിലെ ഇത്തരം സീറ്റുകള്‍ അവഗണിച്ച് സ്ത്രീകള്‍ പലപ്പോഴും സൗകര്യമായ വിന്റോ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ വനിതാ റിസര്‍വേഷന്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയും ഒറ്റയ്ക്ക് റിസര്‍വ് ചെയ്ത ജനറല്‍ സീറ്റിലെ സ്ത്രീ യാത്രക്കാരുടെ അടുത്ത സീറ്റ് പുരുഷന്‍മാര്‍ റിസര്‍വ്വ് ചെയ്തോ ടിക്കറ്റെടുത്തോ ഇരിക്കുകയും ചെയ്തിരുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ അടുത്ത സീറ്റുകളില്‍ ഇരിക്കുന്ന പുരുഷന്മാര്‍ സ്ത്രീകളെ ശല്യം ചെയ്യുകയും നിയമ നടപടികളിലേക്ക് പോകേണ്ടിവരികയും ചെയ്യാറുണ്ട്. ഇത് സ്ത്രീയാത്രക്കാര്‍ക്കും മറ്റുയാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് പുതിയ റിസര്‍വേഷന്‍ സംവിധാനം നടപ്പാക്കുന്നത്.

”സിംഗിള്‍ ലേഡി ബുക്കിങ്” സംവിധാനത്തില്‍ ഒരു സ്ത്രീ യാത്രക്കാരിക്ക് ലേഡീസ് ക്വാട്ട’ക്ലിക്ക് ചെയ്തു റിസര്‍വേഷനില്‍ എന്റര്‍ ചെയ്താല്‍ മറ്റേതെങ്കിലും സ്ത്രീ യാത്രക്കാരി ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ തൊട്ടടുത്തുള്ള സീറ്റ് തന്നെ ലഭിക്കും. ബസില്‍ ആരും തന്നെ ബുക്ക് ചെയ്തിട്ടില്ല എങ്കില്‍ സിസ്റ്റം സ്വമേധയാ ഏറ്റവും സുരക്ഷിതമായ ഒരു സീറ്റ് സ്ത്രികള്‍ക്കായി അലോട്ട് ചെയ്യുകയും, അവര്‍ക്ക് ആ സീറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്.

ഇത്തരത്തില്‍ ബുക്ക് ചെയ്ത ഒരു സീറ്റിനു തൊട്ടടുത്ത സീറ്റില്‍ പുരുഷ യാത്രക്കാരന് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ഒന്നിലധികം സ്ത്രീ യാത്രക്കാര്‍ക്ക് ഒരുമിച്ച് ബുക്ക് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ പ്രത്യേകം പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ലേഡീസ് ക്വാട്ട ബുക്കിങ് ക്ലിക്ക് ചെയ്യാതെ റിസര്‍വ് ചെയ്യാം. ഇവര്‍ക്ക് സിംഗിള്‍ ലേഡി ബുക്കിങ് ഇല്ലാത്ത ഏതൊരു സീറ്റും സ്വീകരിക്കാവുന്നതുമാണ്.

ഇത്തരം സീറ്റിനടുത്ത് പുരുഷ യാത്രക്കാര്‍ക്ക് സീറ്റ് ബുക്ക് ചെയ്യുന്നതിന് തടസവും ഇല്ല. ജനറല്‍ ആയ ഒറ്റപ്പെട്ട സീറ്റ് ബുക്ക് ചെയ്യുന്ന സ്ത്രീകള്‍ക്ക് അടുത്ത സീറ്റ് പുരുഷന്‍മാര്‍ക്ക് ബുക്ക് ചെയ്യുന്നതിന് തടസ്സമില്ല.

Back to top button
error: