KeralaNEWS

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം വൈകിട്ട്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

കണ്ണൂര്‍: ഇന്നലെ അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് സഹയാത്രികനും പത്രപ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പൊതുദര്‍ശനം. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ദീര്‍ഘകാലം ബര്‍ലിനില്‍ പത്ര പ്രവര്‍ത്തകനായിരുന്ന കുഞ്ഞനന്തന്‍ നായര്‍ സിപിഎമ്മിലെ വിഭാഗീയത കാലത്ത് വി എസിനായി വാദിച്ചയാളാണ്. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ച് സി പി എമ്മിലെ ഉള്ളറക്കഥകള്‍ വിളിച്ചു പറഞ്ഞതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്തായി. പറഞ്ഞതെല്ലാം തിരുത്തി അവസാനകാലത്ത് പാര്‍ട്ടിയില്‍ തിരിച്ചെത്തി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാല് വര്‍ഷമായി കിടപ്പിലായിരുന്നു.

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. സാര്‍വ്വദേശീയതലത്തില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കമ്മ്യൂണിറ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കിഴക്കന്‍ ജര്‍മ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Signature-ad

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. പത്രപ്രവര്‍ത്തകനായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് കേരള രാഷ്ട്രീയത്തിന്റെ ഭാഗമായത്. അദ്ദേഹം എഴുതിയ ഒളിക്യാമറകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് എന്നീ രണ്ട് പുസ്തകങ്ങളും രാഷ്ട്രീയ ചരിത്രാന്വേഷികള്‍ക്ക് വഴികാട്ടിയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.

 

Back to top button
error: