രാജ്യത്തെ ഞെട്ടിച്ച് 1400 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. കേസ് അന്വേഷിച്ച ആന്റി നാർകോക് സെൽ, പ്രധാന പ്രതി തന്റെ വീട്ടുവളപ്പിൽ മയക്കുമരുന്ന് വിതരണത്തിനായി പല സംവിധാനങ്ങളും ഒരുക്കിയിരുന്നതായും അവിടെ ഓർഡർ അനുസരിച്ച് മെഫെഡ്രോൺ എത്തിച്ചിരുന്നതായും കണ്ടെത്തി.
കഴിഞ്ഞ ദിവസം ഈ വർഷത്തെ ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുത്ത ആന്റി നാർകോക് സെൽ, ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരി ഉൾപെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മെഫെഡ്രോൺ സമന്വയിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നത് ബിരുദാനന്തര ബിരുദധാരിയാണെന്നും ഇയാളുടെ വസതിക്ക് സമീപമുള്ള ഗോഡൗണിൽ നിന്നാണ് എം.ഡി എന്നറിയപ്പെടുന്ന 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
‘പ്രധാന പ്രതി തന്റെ ഗോഡൗണിനടുത്തുള്ള സ്ഥലങ്ങളിൽ മയക്കുമരുന്ന് എത്തിക്കും. വാങ്ങുന്നതിന് ആവശ്യക്കാർ ഇവിടേക്ക് വരണം. 25 കിലോയിൽ താഴെയുള്ള ഓർഡറുകൾ സ്വീകരിച്ചിരുന്നില്ല. മയക്കുമരുന്ന് കൊണ്ടുപോകുന്നതിനുള്ള റിസ്ക്ക് കൊണ്ടുപോകുന്നവർ ഏറ്റെടുക്കണമെന്ന് വ്യവസ്ഥ വെച്ചിരുന്നു’, അന്വേഷണത്തിന്റെ ഭാഗമായ ഒരു എഎൻസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേർണൽ റിപോർട് ചെയ്തു. റാക്കറ്റ് എത്ര നന്നായി ചിന്തിച്ചു ചിട്ടപ്പെടുത്തി എന്നതിന്റെ ഒരു സൂചന മാത്രമാണിതെന്നും ആന്റി നാർകോക് സെൽ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷമായി റാക്കറ്റ് സജീവമായതിനാൽ, പ്രതികൾ മുംബൈയിലും സമീപ പ്രദേശങ്ങളിലും ടൺ കണക്കിന് എംഡി വിതരണം ചെയ്തതായി കരുതുന്നു. ഇടപാടുകാരെ കണ്ടെത്തുന്നതിനായി പൊലീസ് മുഖ്യപ്രതിയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുകയാണ്. അതുവഴി ഇടപടുകാർക്കെതിരെയും നടപടിയുണ്ടായേക്കും.
അതേസമയം പ്രതിയുടെ ലബോറട്ടറി ഇതുവരെ കണ്ടെത്താനായിട്ടില്ല. ‘ഞങ്ങൾ കുറ്റാരോപിതനുമായി അന്വേഷണം നടത്തുന്നു, കൂടാതെ അന്വേഷണത്തിന്റെ നിർണായക ഭാഗമായ ലബോറട്ടറി കണ്ടെത്താൻ മറ്റ് അന്വേഷണ രീതികൾ ഉപയോഗിക്കുന്നു. ഇയാളുടെ വിതരണ ശൃംഖലയിൽ കൂടുതൽ ആളുകൾ ഉണ്ടെന്നുംകണ്ടെത്തിയിട്ടുണ്ട്, ഈ പ്രതികളെ ഞങ്ങൾ തിരയുകയാണ്’, ഡെപ്യൂടി കമീഷണർ (എഎൻസി) ദത്ത നലവാഡെ പറഞ്ഞു.