ന്യൂഡല്‍ഹി: ഉദ്യോഗാര്‍ത്ഥികള്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെത്തുടര്‍ന്ന് നഗരത്തിലെ വിവിധ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പരിശോധിക്കാന്‍ ഗതാഗത വകുപ്പ് രൂപീകരിച്ച സമിതിയാണ് ഭേദഗതികള്‍ നിര്‍ദേശിച്ചത്. ഓഗസ്റ്റ് എട്ട് മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് അവസാന സര്‍ക്കിളിന്റെ വീതി ചെറുതായത് അടക്കം പരാജയ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടു തന്നെ മറ്റ് രണ്ട് സര്‍ക്കിളുകളേക്കാള്‍, ആളുകള്‍ക്ക് അവരുടെ കാലുകള്‍ നിലത്ത് വയ്‌ക്കേണ്ടിവരുന്നതായും ഇത് പലരെയും പരാജയത്തിലേക്ക് നയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണയായി ആളുകള്‍ അവരുടെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പരാജയപ്പെടുമ്പോള്‍ അവര്‍ക്ക് അടുത്ത ആഴ്ചയില്‍ ഒരു പുതിയ തീയതി ലഭിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഡ്രൈവിംഗ് ടെസ്റ്റുകളിലെ വര്‍ദ്ധിച്ചുവരുന്ന തോല്‍വികള്‍ കാരണം ഇത്തരം മുടങ്ങല്‍ തീയ്യതികളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഇത് പുതിയ തീയതികള്‍ വൈകുന്നതിന് കാരണമാകുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ പുതിയ പരിഷ്‌ക്കരണം ടെസ്റ്റ് ട്രാക്കിലെ അവസാന സര്‍ക്കിളിന്റെ വീതി മുമ്പത്തെ രണ്ട് സര്‍ക്കിളുകളുടെ വീതിക്ക് സമാനമാക്കുന്നതിലേക്ക് നയിക്കും.
ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കുന്ന കാര്യവും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ‘ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ അവര്‍ പരാജയപ്പെടുമായിരുന്നു. ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്, ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് മുന്‍കൂട്ടി അറിയിക്കണം..’ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു .
ഒരു സാധാരണ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കില്‍ ആറ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. എട്ട് ഫോര്‍മേഷനുകള്‍, ഓവര്‍ടേക്ക് ചെയ്യല്‍, ട്രാഫിക് ജംഗ്ഷനില്‍ നിര്‍ത്തല്‍, റാംപില്‍ നിര്‍ത്തി വാഹനം പിന്നോട്ട് പോകാതെ മുന്നോട്ട് നീക്കല്‍, 120 സെക്കന്‍ഡില്‍ എസ് രൂപീകരണം, 90 സെക്കന്‍ഡിന് അകം സമാന്തര പാര്‍ക്കിംഗ് എന്നിവയാണവ.