IndiaNEWS

എസ്.എസ്.എല്‍.വി. ഡി-2 വുമായി തിരിച്ചുവരുമെന്ന് ഐ.എസ്.ആര്‍.ഒ.; ഡി 1 ദൗത്യത്തിന് ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല

ചെന്നൈ: എസ്.എസ്.എല്‍.വി. ഡി-2 വുമായി ഉടന്‍ തിരിച്ചുവരവു നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ. രണ്ട് ചെറിയ ഉപഗ്രഹങ്ങളുമായി ഇന്നു വിക്ഷേപിച്ച എസ്.എസ്.എല്‍.വി. ഡി-1 ദൗത്യം ഉദ്ദേശിച്ച വിജയത്തിലെത്തിയില്ലെന്ന് ഐ.എസ്.ആര്‍.ഒ. സ്ഥിരീകരിച്ചു.

ഇന്നു രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്.എസ്.എല്‍.വി.യുടെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമാകുകയായിരുന്നു. ആദ്യം വിജയകരമെന്നു വിലയിരുത്തിയ ദൗത്യം സിഗ്നല്‍ ലഭിക്കാതായതോടെ പരാജയപ്പെട്ടതായി ആശങ്കയുയര്‍ന്നു. തുടര്‍ന്ന് സംഭവം പരിശോധിച്ച ശേഷം ദൗത്യം പൂര്‍ണമായി വിജയിച്ചില്ലെന്നും ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ലെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. കാര്യങ്ങള്‍ കൂടുതല്‍ പഠിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്‍.ഒ രൂപകല്പന ചെയ്തതാണ് എസ്.എസ്.എല്‍.വി(സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍). ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് ഇന്നു രാവിലെ എസ്.എസ്.എല്‍.വി. കുതിച്ചത്. എന്നാല്‍ ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാന്‍ എസ്.എസ്.എല്‍.വിക്ക് ആയില്ല. 356 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനുപകരം ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് എസ്.എസ്.എല്‍.വി. ഉപഗ്രഹങ്ങളെ എത്തിച്ചത്. അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങള്‍ ഉപയോഗയോഗ്യമല്ലെന്നും പ്രശ്നം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

എസ്എസ്എല്‍വിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിര്‍വഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ മേധാവി സോമനാഥ് പറഞ്ഞു. ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം എന്നാണ് ഐഎസ്ആര്‍ഒ മേധാവി അറിയിച്ചത്. പിന്നീട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഇസ്രൊയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വന്നു. ഉദ്ദേശിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങള്‍ സ്ഥാപിച്ചത്. നിലവില്‍ അവ അവിടെ സുരക്ഷിതമല്ല. ദൗത്യം പരാജയമല്ല, പക്ഷേ ഇത് പ്രതീക്ഷിച്ച വിജയവുമല്ല. എസ്എസ്എല്‍വിക്ക് മുന്നില്‍ ഇനിയും കടമ്പകള്‍ ബാക്കിയാണ് എന്നായിരുന്നു വാര്‍ത്താക്കുറിപ്പ്.

 

Back to top button
error: