NEWS

ലാലേട്ടന്റെ ‘ഫാനേ’ട്ടൻമാർ

ത്തനംതിട്ടയിലെ കോട്ടമൺപാറയാണ് സംഭവം. തോരാമഴയിൽ കക്കാട്ടാറ് ഇരുകരമുട്ടി അലറിക്കുതിച്ചങ്ങനെ ഒഴുകുന്നു. അതുകണ്ട് “എന്തൊരു സ്പീഡ്” എന്നഭാവത്തിൽ കരയിൽ നിൽക്കുകയായിരുന്നു ആ മൂന്ന് യുവാക്കൾ. അപ്പോഴാണ് ഒരു പടുകൂറ്റൻ തേക്കുമരം പുഴയിലൂടെ ഒഴുകിവരുന്നത്. പിന്നെ അവർ ഒന്നും ആലോചിച്ചില്ല. നരൻ സിനിമയിലെ ലാലേട്ടനെ സ്മരിച്ചുകൊണ്ട് മലവെള്ളത്തിലേക്ക് ഒറ്റ കൂപ്പുകുത്തലായിരുന്നു.
മൂവരും നല്ലസ്സല് നീന്തൽക്കാർ. ഒരുകണക്കിന് അവർ മരത്തിനടുത്തെത്തി അതിനുമുകളിൽ വലിഞ്ഞുകയറി ഇരിപ്പുറപ്പിക്കുകയുംചെയ്തു. പക്ഷേ, ചെറിയൊരുപ്രശ്നം.. അവർ എത്ര ആഞ്ഞ് പണിഞ്ഞിട്ടും ‘മുള്ളങ്കൊല്ലി’യിൽ നരന് ചെയ്യാൻകഴിഞ്ഞതുപോലെ കാട്ടുതടിയെ കരയ്ക്കടുപ്പിക്കാൻ കഴിയുന്നില്ല! എന്നുമാത്രമല്ല, മരം ഒരു സ്പീഡ്ബോട്ടുപോലെ മലവെള്ളപ്പാച്ചിലിലൂടെ താഴേയ്ക്ക് കുതിക്കുകയുംചെയ്യുന്നു! അതിനുമുകളിൽ മുതലപ്പുറത്തെ തവളകളെപ്പോലെ അവരും!
ഒരു കിലോമീറ്റർ ദൂരത്തോളം ആ അപകടയാത്ര തുടർന്നു. അപ്പോഴാണ് ചങ്ങായിമാരുടെ തലയ്ക്കുള്ളിൽ ബൾബുമിന്നിയത്.. കക്കാട്ടാറ് അഗാധതയിലേക്ക് കൂപ്പുകുത്തുന്ന ഉറുമ്പിനി വെള്ളച്ചാട്ടത്തിലേക്ക് ഇനി വിളിപ്പാടകലംമാത്രം!
 അതിൻ്റെ അലർച്ച കേൾക്കുന്നുമുണ്ട്. അവിടെയെങ്ങാനുമെത്തിപ്പെട്ടാൽ തേക്കുതടിയെന്നല്ല സ്വന്തം തടിപോലും വീട്ടുകാർക്ക് ബാക്കികിട്ടാൻ പോകുന്നില്ല. “അല്ലെങ്കിൽ ആർക്കുവേണം ഈ കാട്ടുമരം”, എന്ന ഭാവത്തിൽ മൂവരും പുഴയിലേക്ക് ചാടി കരയിലേക്ക് നീന്താൻതുടങ്ങി. പക്ഷേ, അപ്പോഴേക്കും പുഴയൊഴുക്ക് മാരകമായിമാറിക്കഴിഞ്ഞിരുന്നു. കലക്കവെള്ളം കുറേ കുടിക്കേണ്ടിവന്നെങ്കിലും വെള്ളച്ചാട്ടമെത്തുംമുമ്പ് ഒരുതരത്തിൽ നരന്മാർ മൂവർക്കും ജീവനോടെ കരപിടിക്കാനായി!
അവരുടെ ഈ പരാക്രമങ്ങളൊക്കെ ഒരുസുഹൃത്ത് കരയിൽനിന്ന് മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. കിട്ടിയപാടെ അയാളത് ഫെയ്സ്ബുക്കിലിട്ടു. ലൈക്കുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു അവിടെയും.
ഇനിയാണ് ആൻ്റിക്ലൈമാക്സ്. വൈറലായ ആ വീഡിയോ പോലീസും വനപാലകരും കണ്ടു! രണ്ടു കൂട്ടരും മാറിമാറി കേസെടുത്തു.വകുപ്പുകൾ അല്പം പിശകുപിടിച്ചവയാണ്. കാട്ടുതടിമോഷണശ്രമം മുതൽ ആത്മഹത്യാശ്രമം വരെ !!

Back to top button
error: