പുൽപ്പള്ളിയിലെ കബനിഗിരി പൂഴിപ്പുറത്ത് ഷാജി കോമൺവെൽത്ത് ഗെയിംസിൽ വയനാടൻ സാന്നിധ്യമാവുന്നു. ഗെയിംസിൽ ഫീൽഡ് വോളണ്ടിയറാകാൻ അപേക്ഷിച്ച യു.കെ മലയാളിയായ ഷാജി ബാസ്കറ്റ് ബോൾ കളത്തിൽ സേവനത്തിന് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.
കേരള സംസ്ഥാന ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്നു ഷാജി. കേരള പൊലീസിന് വേണ്ടി കളിച്ചിട്ടുണ്ട്. 1986-’89 ൽ തൃശൂർ കേരളവർമ്മ കോളജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്നു. 1989ൽ ജൂനിയർ നാഷണലിൽ കേരളത്തിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. കളിയിലെ മികവാണ് 1990 ൽ ഷാജിയെ കേരള പോലീസിൽ എത്തിച്ചത്.
അങ്ങനെ പത്തു വർഷം പോലീസിനു വേണ്ടി കളിച്ചു. ഫെഡറഷൻ കപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. 2006 മുതൽ യു. കെ യിലാണ് 53കാരനായ ഷാജിയുടെ കർമ്മപദം.
കബനിഗിരി പൂഴിപ്പുറത്ത് വർക്കി- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഷാജി. കോഴിക്കോട് കുറ്റ്യാടി ചെമ്പനോട സ്വദേശിയായ തേരകത്ത് ജെസ്സി (ബർമിംഗ്ഹാം ചെസ്റ്റ് ക്ലിനിക് നേഴ്സ്) യാണ് ഭാര്യ. നേഴ്സിങ് വിദ്യാർത്ഥികളായ എയ്ഞ്ചലിനും , ലെസ്ലിനുമാണ് മക്കൾ. ബർമിംഗ്ഹാമിൽ ഗെയിംസ് ട്രെയൽസിലും, ലൈവ് ട്രീം പരീക്ഷണത്തിലും, പ്രധാന കോർട്ടിൽ റിഹേഴ്സലിലും ഷാജി പങ്കെടുത്തിരുന്നു. ലോകത്തിന്റെ നെറുകയിൽ വയനാടിന്റെ അഭിമാനം ഉയർത്തുകയാണ് കോമൺവെൽത്ത് ഗെയിംസിലെ ഈ വയനാടൻ സാന്നിധ്യം.