IndiaNEWS

ദേശവിരുദ്ധ നിലപാട്, 348 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്ക്

കേന്ദ്രആഭ്യന്തരമന്ത്രാലയം 348 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകളാണ് വിലക്കിയത്. ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകള്‍ ഡെവലപ്പ് ചെയ്യപ്പെട്ടത്. കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ലോക്‌സഭയെ രേഖാമൂലം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം 348 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കി. കാരണം, അത്തരം ഡാറ്റാ ട്രാന്‍സ്മിഷനുകള്‍ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഇന്ത്യയുടെ പ്രതിരോധവും സംസ്ഥാനത്തിന്റെ സുരക്ഷയും ലംഘിക്കുന്നു- അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതില്‍ വ്യക്തതയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ബാറ്റില്‍ റോയല്‍ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് ‘ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ’യെ കേന്ദ്രം വിലക്കിയിരുന്നു.

ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ അഥവാ ബിജിഎംഐയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഗെയിമിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാര്‍ എന്ന എന്‍ജിഒ ഹർജി സമര്‍പ്പിച്ചിരുന്നു. ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയില്‍ സൂചിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി 2020 സപ്തംബറില്‍ കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പബ്ജി ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കിയത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പറേഷന്‍ ഉറപ്പു നല്‍കുന്നുണ്ടെന്നുമാണ് അവർ അവകാശപ്പെട്ടിരുന്നത്.

Back to top button
error: